ഒട്ടാവ: കാനഡയില്‍ ഒരു വീട്ടിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. വാന്‍കൂവര്‍ പ്രാന്തപ്രദേശമായ റിച്ച്‌മണ്ടിലെ ഒരു വീട്ടില്‍ ബുധനാഴ്ചയാണ് നാല് പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ലെങ്കിലും അവര്‍ പരസ്പരം അറിയാവുന്നവരാണെന്ന് ലോക്കല്‍ പോലീസ് പറഞ്ഞു. കനേഡിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

എന്താണ് വെടിവെപ്പിന് കാരണമെന്ന് ഇത് വരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പോലീസ് പറഞ്ഞു. സമൂഹത്തിനേറ്റ ആഘാതകരമായ സംഭവമാണിത്, കൊലപാതക അന്വേഷണ സംഘത്തിലെ അംഗമായ ഡേവിഡ് ലീ പ്രസ്താവനയില്‍ പറഞ്ഞു.

ഗവണ്‍മെന്റ് വിവരങ്ങള്‍ പ്രകാരം കാനഡയില്‍ തോക്കുകളുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ ക്രമാനുഗതമായി വര്‍ധിച്ചിട്ടുണ്ട്. 2013 മുതല്‍, കാനഡയിലെ ഏറ്റവും വലിയ നഗരങ്ങളിലെ കൂട്ടക്കൊലകള്‍ ഏകദേശം ഇരട്ടിയായിട്ടുണ്ട്.