പട്​ന: ബിഹാറില്‍ റെയില്‍വേ റിക്രൂട്ട്​മെന്‍റ്​ പരീക്ഷക്കെതിരായ നടക്കുന്ന സമരം കൂടുതല്‍ ശക്​തമാകുന്നു. കഴിഞ്ഞ ദിവസം ബിഹാറിലെ ഗയ റെയില്‍വേ സ്​റ്റേഷനില്‍ സമരക്കാര്‍ ട്രെയിനിന്​ തീയിട്ടു.

യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനി​െന്‍റ റാക്കുകള്‍ക്കാണ്​ തീവെച്ചതെന്നും അളപായമില്ലെന്നും ഗയ സീനിയര്‍ സുപ്രണ്ട്​ ഓഫ്​ പൊലീസ്​ ആദിത്യകുമാര്‍ അറിയിച്ചു.

ഗയ സ്​റ്റേഷന്​ നേരെ വ്യാപകമായ കല്ലേറുമുണ്ടായി. തീവെപ്പിനെ തുടര്‍ന്ന്​ റെയില്‍ ഗതാഗതത്തിന്​ തടസം നേരിട്ടു. അക്രമികളില്‍ ചിലരെ പൊലീസ്​ കസ്​റ്റഡിയി​ല്‍ എടുത്തിട്ടുണ്ടെന്ന്​ എസ്​.പി കൂട്ടിച്ചേര്‍ത്തു. സമരക്കാര്‍ പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ നിന്ന്​ പിന്‍മാറണമെന്ന്​ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്​ണവ്​ ആവശ്യപ്പെട്ടു. സമരക്കാരുടെ പ്രശ്​നങ്ങള്‍ അനുഭാവപൂര്‍വം സര്‍ക്കാര്‍ പരിഗണിക്കും. പരാതി ഉയര്‍ന്ന പരീക്ഷ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയും വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ട്​. ചര്‍ച്ചയിലൂടെ സര്‍ക്കാര്‍ പ്രശ്​നത്തിന്​ പരിഹാരം കാണണമെന്ന്​പ്രിയങ്ക ആവശ്യപ്പെട്ടു. സമാധാനപരമായി സമരം നടത്തണമെന്ന്​ അവര്‍ ഉദ്യോഗാര്‍ഥികളോട്​ അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ അറസ്​റ്റ്​ ചെയ്​ത ഉദ്യോഗാര്‍ഥികളെ ഉടന്‍ വിട്ടയക്കണം. സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.

റെയില്‍വേ റിക്രൂട്ട്​മെന്‍റ്​ ബോര്‍ഡ്​ നടത്തിയ നോണ്‍ ടെക്​നിക്കല്‍ വിഭാഗത്തിലേക്കുള്ള മത്സര പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്കായി വിജ്ഞാപനത്തിനു വിരുദ്ധമായി വീണ്ടുമൊരു പരീക്ഷ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ്​ സമരം. വിജ്ഞാപനത്തില്‍ ഒരു പരീക്ഷയെ കുറിച്ച്‌​ മാത്രമേ പരാമര്‍ശിക്കുന്നുള്ളുവെന്നാണ്​ ഉദ്യോഗാര്‍ഥികള്‍ അവകാശപ്പെടുന്നത്​.