എയര്‍ ഇന്ത്യ ഇന്ന് ടാറ്റ ഗ്രൂപ്പിന് കൈമാറിയേക്കും. കഴിഞ്ഞ ഒക്‌ടോബറിലാണ് ലേലനടപടികള്‍ പൂര്‍ത്തിയായത്. 69 വര്‍ഷത്തിനു ശേഷമാണ് മഹാരാജ,ടാറ്റ ഗ്രൂപ്പിന്റെ കൈകളിലേക്ക് എത്തുന്നത്

ജെ.ആര്‍.ഡി ടാറ്റയുടെ നേതൃത്വത്തില്‍ 1932ലാണ് എയര്‍ ഇന്ത്യയുടെ തുടക്കം.1953ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ജെ.ആര്‍.ഡി ടാറ്റയെ തുടരാന്‍ അനുവദിക്കുകയായിരുന്നു.1977ല്‍ ജനത സര്‍ക്കാരാണ് ടാറ്റയെ എയര്‍ ഇന്ത്യയില്‍ നിന്നും നീക്കിയത്.

 

വിദേശ സര്‍വീസ് എയര്‍ ഇന്ത്യയെന്ന പേരിലും അഭ്യന്തര സര്‍വീസ് ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നപേരിലുമാണ് സര്‍വീസ് നടത്തിയിരുന്നത്. 2007ല്‍ യു പി എ സര്‍ക്കാരാണ് ലയിപ്പിച്ചു ഒറ്റകമ്ബനിയാക്കിയത്. 67,000 കോടിക്ക് 111 പുതിയ വിമാനങ്ങള്‍ വാങ്ങിയതും പുതിയ ബജറ്റ് എയര്‍ ലൈന്‍സുകള്‍ ഇന്ത്യന്‍ ആകാശം കീഴടക്കിയതും എയര്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി.

നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ എയര്‍ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരി 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് ലേലത്തില്‍ പിടിച്ചു. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും നേടിയതോടൊപ്പം ഗ്രൗണ്ട് ഹാന്‍ഡ്ലിങ് കമ്ബനിയായ എയര്‍ ഇന്ത്യ സാറ്റ്സിന്റെ അന്‍പത് ശതമാനം ഓഹരിയും ടാറ്റ സ്വന്തമാക്കി. എയര്‍ ഏഷ്യയില്‍ ഭൂരിഭാഗം ഓഹരിപങ്കാളിത്തമുള്ള ടാറ്റ,സിങ്കപ്പൂര്‍ എയര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് വിസ്താര എന്ന കമ്ബനിയും നടത്തുന്നുണ്ട്. എയര്‍ ഇന്ത്യ കൂടി സ്വന്തമാകുന്നതോടെ ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനകമ്ബനികളുടെ എണ്ണം മൂന്നായി ഉയരും.