റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശുഭവാര്‍ത്തയുമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി മുതല്‍ അഞ്ച് ദിവസം ജോലിയും രണ്ട് ദിവസം അവധിയും അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. മുതിര്‍ന്ന പൗരന്മാര്‍ക്കും അനുകൂലമായ പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരില്‍ നിന്നുമുണ്ടായി. പെന്‍ഷനിലെ സര്‍ക്കാര്‍ വിഹിതം 10 ശതമാനത്തില്‍ നിന്നും 14 ശതമാനമായി ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം.

73-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ ആകര്‍ഷകമായ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തിയത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തുന്നതോടെ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കും.

സ്തീകളുടെ സുരക്ഷയ്ക്കായി സംസ്ഥാനത്തെ ഓരോ ജില്ലയിലും ഓരോ വനിതാ സുരക്ഷാ സെല്‍ വീതം രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ ചെറുകിട വ്യവസായങ്ങളെ സര്‍ക്കാര്‍ വലിയ രീതിയില്‍ സഹായിക്കും. വാണിജ്യത്തെ ക്രമപ്പെടുത്തുന്നതിനായി പുതിയ വ്യവസ്ഥകള്‍ രൂപീകരിക്കുമെന്നും ഭൂപേഷ് ബാഗല്‍ വ്യക്തമാക്കി.