വത്തിക്കാന്‍ സിറ്റി: ലോകത്തിൽ ദൈവവചനത്തിന്റെ സന്ദേശവാഹകരാകണമെന്നത് എല്ലാ ക്രൈസ്തവരുടേയും ദൗത്യമാണെന്ന് ഫ്രാന്‍സിസ് പാപ്പ. ദൈവവചന ഞായറായി ആചരിക്കുന്ന ആണ്ടുവട്ടത്തിലെ മൂന്നാം ഞായറിൽ (23/01/22) അർപ്പിച്ച ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരിന്നു ഫ്രാൻസിസ് പാപ്പ. നമ്മുടെ ഭീതികളുടെ ചാരത്തിൽ നിന്ന് പ്രത്യാശയുടെ തിരി തെളിച്ച് നമ്മുടെ ദു:ഖങ്ങളുടെ ചക്രവാളത്തിൽ സന്തോഷം വീണ്ടും കണ്ടെത്താൻ സഹായിക്കുകയും, ഏകാന്ത വികാരങ്ങളെ പ്രത്യാശ കൊണ്ട് നിറക്കുകയും ചെയ്യുന്നത് ദൈവ വചനത്തിലൂടെയാണെന്ന് പാപ്പ പറഞ്ഞു.

ദൈവത്തിന്റെ വചനം, നമ്മെ നമ്മിൽ നിന്ന് പുറത്തു കടന്ന് ദൈവത്തിന്റെ വിമോചിപ്പിക്കുന്ന സ്നേഹത്തിന്റെ ശാന്തമായ ശക്തിയോടെ നമ്മുടെ സഹോദരീ സഹോദരന്മാരെ കണ്ടുമുട്ടാൻ നമ്മെ പ്രേരിപ്പിക്കുന്നു. ദൈവവചനം തീർച്ചയായും നമ്മെ മാറ്റിമറിക്കുന്നു; ദരിദ്രരുടെ മേൽ ക്രമാതീതമായി പ്രതിഫലിക്കുന്ന ഈ ലോകത്തിലെ വേദനകളോടു നിസ്സംഗത പുലർത്താതിരിക്കാൻ അത് നമ്മെ അസ്വസ്ഥരാക്കുകയും ചെയ്യുന്നു. അത് ദൈവാരാധനയും മനുഷ്യരുടെ പരിപാലനവും സംയോജിപ്പിച്ചു കൊണ്ട് പ്രവർത്തിക്കാൻ നമ്മെ നിർബ്ബന്ധിക്കുന്നു. ദൈവവചനം സഭയുടെ ജീവിതത്തിന്റെയും അജപാലന കർമ്മത്തിന്റെയും കേന്ദ്രമാക്കാനും, വചനം ശ്രവിക്കുവാനും, അതുമായി പ്രാർത്ഥിക്കാനും പാപ്പ ആഹ്വാനം ചെയ്തു.