ദിവസേന കേൾക്കുന്ന വിവാദ വിഷയങ്ങൾ പോലെ അടുത്ത കാലത്തായി സ്ഥിരമായി ചർച്ചചെയ്യുന്ന ഒന്നാണ് പുലി നാട്ടിൽ ഇറങ്ങുന്ന വാർത്ത. പുലിയെ പേടിച്ച് പുറത്തിറങ്ങാൻ ഭയക്കുന്ന നാട്ടുകാരുടെയും കൂടൊരുക്കി കാത്തിരിക്കുന്ന ഉദ്യോഗസ്ഥരുടെയും വിഷയങ്ങൾ എല്ലാം ആളുകൾക്ക് സുപരിചിതമായി കഴിഞ്ഞു. പാലക്കാട് ധോണി ഉമ്മിണി പപ്പാടിയിലെ അടഞ്ഞുകിടന്ന വീട്ടിൽ പ്രസവിച്ചിട്ട പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയിട്ട് അധിക കാലമായില്ല. തൊട്ടു പിന്നാലെയും വന്നു പുലി വാർത്തകൾ വീണ്ടും. എന്താകും ഇതിന് കാരണം? കാടിനേക്കാൾ പ്രിയമാണോ പുലികൾക്ക് നാടിനോട്?

പുലി, കടുവ, സിംഹം തുടങ്ങിയവയെല്ലാം പൂച്ച വർഗത്തിൽപ്പെട്ടതാണെല്ലോ, എന്നിട്ടും എന്തുകൊണ്ട് കടുവകൾ പുലിയെപ്പോലെ ഇറങ്ങി നടക്കുന്നില്ല. കാരണം, കടുവകൾ പൊതുവെ മനുഷ്യരിൽ നിന്നും അകന്ന് കഴിയാൻ താത്പര്യമുള്ളവരാണ്. കാട്ടിലൂടെ ഒരാൾ നടന്നു പോകുന്നത് കണ്ടാൽ കൂടി അവിടം നിന്നും മാറിപോകാനെ കടുവകൾ ശ്രമിക്കൂ. എന്നാൽ പുലികൾ അതിൽ നിന്നും വ്യത്യസ്തരാണ്. തന്റെ ഇരയ്ക്ക് വേണ്ടി കാടെന്നോ നാടെന്നോ വ്യത്യാസമില്ലാതെ പുലികൾ അലഞ്ഞ് നടക്കും.

മ്ലാവ് പോലുള്ള മൃഗങ്ങൾ ആണ് പുലികളുടെ ഇഷ്ട്ട ഇര. വേനൽക്കാലമായി കാട്ടിൽ ചൂട് കൂടി ഉറവകളിൽ ജലം കുറയുന്നതോടെ ഇവ കുടിവെള്ളത്തിനായി നാട്ടിലേക്ക് ഇറങ്ങുന്നു. സ്വാഭാവികമായും അതിന് പിന്നാലെ പുലിയും തന്റെ ഇഷ്ട്ട ഇരയെ തേടി നാട്ടിൽ ഇറങ്ങാൻ നിർബന്ധിതമാകും. മാത്രമല്ല, നാട്ടിൽ ആകുമ്പോൾ തൊഴുത്തിൽ കെട്ടിയിട്ട പശുവും, കൂട്ടിൽ കിടക്കുന്ന കോഴിയും, വളർത്തുനായയുമെല്ലാം ആഹാരമാക്കാൻ പുലികൾക്ക് അനായാസം കഴിയും. വാർധക്യത്തിൽ എത്തിയതോ അല്ലെങ്കിൽ, പ്രസവം അടുക്കാറായതോ ആയ പുലികൾ തീർച്ചയായും ഈ മാർഗം സ്വീകരിക്കും. പാലക്കാട് അടച്ചിട്ട വീട്ടിൽ പുലി പ്രസവിക്കാൻ കാരണം അത് അത്രമേൽ സുരക്ഷിതമെന്ന് തോന്നിയത് കൊണ്ടാകാം.

ഈ വാർത്ത കേട്ട പലർക്കുമുണ്ടായ സംശയമാണ് എന്ത് കൊണ്ട് അയൽവാസികൾ പോലും പുലിയുടെ സാന്നീധ്യം അറിഞ്ഞില്ല എന്നുള്ളത്, പുലികൾ പൊതുവെ ഇരയുമായി മൽപ്പിടുത്തം നടത്തുമ്പോഴോ സംഘട്ടനത്തിൽ ഏർപ്പെടുമ്പോഴോ അല്ലാതെ പൊതുവെ ശാന്തമായി വിരാജിക്കുന്നവരാണ്. കൂടാതെ രാത്രികാല സഞ്ചാരികളാണ് ഇവ. കാടിനടുത്തെ ഗ്രാമ പ്രദേശങ്ങളിലും മറ്റും ഇവയുടെ സഞ്ചാരം മനുഷ്യ ദൃഷിയിൽ പെടുക വളരെ വിരളവുമായിരിക്കും.

വളരെ സ്വാഭാവികമായി ഈ ജീവികൾ കാട്ടിൽ നിന്നും നാട്ടിലേക്ക് വരാറുണ്ട്. നാട്ടിലെ ചെറിയ പൊന്തക്കാടുകൾ പോലും ഇവയ്ക്ക് സുരക്ഷിതമായി പാർക്കാൻ കഴിയുന്ന ഇടങ്ങളാണ്. മനുഷ്യരുടെ വളർത്തുമൃഗങ്ങളെ തേടി വരുന്നതിലെ മുഖ്യ ആകർഷണമാണ് പുലികൾക്ക് നായ്ക്കൾ. കാരണം പൂച്ച വർഗത്തിൽപ്പെടുന്ന ജീവികൾക്ക് പൊതുവെ ഉപ്പ് കഴിച്ച് വളരുന്ന ജീവികളുടെ മാംസത്തോട് താത്പര്യം കൂടുതാലാണ്. അതുകൊണ്ട് തന്നെ നാട്ടിലെ ഉപ്പ് ചേർത്ത നാടൻ ഭക്ഷണം കഴിച്ച് വളരുന്ന നായ്ക്കളെ ലക്ഷ്യമിട്ട് പുലികൾ കാടിറങ്ങാനുള്ള സാധ്യതയും ചെറുതല്ല.

കേരളത്തിലെ മൊത്തം ഭൂപ്രകൃതിയിൽ 29 . 65 ശതമാനവും വനമാണ്. കേരത്തിലെ വനപാലകരുടെ കണക്കെടുത്താൽ, റേഞ്ച് ഫോറസ്റ്റ് ഓഫീസെഴ്‌സ് 187 , ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസെഴ്‌സ് 147 , സെക്ഷൻ ഫോറസ്റ്റ് ഓഫീസെഴ്‌സ് 858 , ബീറ്റ് ഫോറസ്റ്റ് ഓഫീസെഴ്‌സ് 2371 , ട്രൈബൽ ഫോറസ്റ്റ് വാച്ചർസ് 685 , ഫോറസ്റ്റ് വാച്ചർസ് 263 എന്നിങ്ങനെയാണ്, അതായത് കേരളത്തിൽ മൂന്നിൽ ഒന്ന് വരുന്ന വനം സംരക്ഷിക്കാൻ ഫീൽഡ് സ്റ്റാഫുകളായി ഉള്ളത് നാലായിരത്തിനടുത്ത് ഉദ്ദ്യോഗസ്ഥർ മാത്രമാണ് എന്നുള്ളതും വന്യ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വസ്തുതയാണ്.

അല്ലാതെ കാടിനോടുള്ള പ്രിയം കുറഞ്ഞതൊന്നുമല്ല പുലി നാട്ടിൽ ഇറങ്ങാൻ കാരണം, ഇരയെ തേടിയുള്ള യാത്രയിൽ പുലി നാട്ടിലെത്തുക സ്വാഭാവികമാണ്. മനുഷ്യരുടെ സാമീപ്യം ഒന്നും തന്റെ ഇരതേടലിനുള്ള പ്രതിബന്ധമാകുന്നില്ല. പിന്നെ എന്തുകൊണ്ട് വന്യമൃഗങ്ങൾ ഇരയെ തേടി നാട്ടിലെത്തുന്നു എന്ന് ചിന്തിച്ചാൽ പ്രധാന കാരണം പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ അമിത കടന്നുകയറ്റം തന്നെയാണ്.

Read Also : ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി രാജിവയ്ക്കണം; പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ലെന്നും കെ സുരേന്ദ്രന്‍

വനത്തിന് അതിന്റെ ഒരു തുടർച്ചയുണ്ട്. വന്യ ജീവികൾ ഈ തുടർച്ചയിലൂടെ സഞ്ചരിക്കുന്നവരുമാണ്. അതിനിടയ്ക്കാണ് മനുഷ്യർ കാട്ടിൽ കയ്യേറ്റം നടത്തുന്നത്. കാടിന്റെ വിസ്തൃതിയെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ഈ കാരണം കൊണ്ടാണ് മൃഗങ്ങൾ ഒരു കാട്ടിൽ നിന്ന് മറ്റൊരു കാട്ടിലേക്ക് പ്രയാണം തുടരുമ്പോൾ മനുഷ്യരുമായി കോൺഫ്ലിക്ട് ഉണ്ടാകുന്നത്.

ഒരിക്കൽ വനമായി നിലകൊണ്ടിരുന്ന ഇടങ്ങളാകാം ഇന്ന് നമ്മൾ വസിക്കുന്ന പല സ്ഥലങ്ങളും. കൂടാതെ, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വനവുമായി ചേർന്ന് കിടക്കുന്ന ജനവാസ മേഖലകൾ കൂടുതലായുള്ള ഭൂപ്രകൃതിയാണ് കേരളത്തിന്റേത്. യഥാർത്ഥത്തിൽ മനുഷ്യനാണ് നാട് വിട്ട് കാട്ടിലേക്കിറങ്ങുന്നത്. ജീവികളുടെ ആവാസ വ്യവസ്ഥയെ തകിടം മറിച്ചതും മനുഷ്യൻ തന്നെ.