മോഹന്‍ലാലും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ബ്രൊ ഡാഡിക്ക് അഭിനന്ദന പ്രവാഹമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ബുധനാഴ്ച്ച കൃത്യം 12 മണിക്ക് തന്നെ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്തിരുന്നു. റിലീസിന് മുന്‍പ് തന്നെ ചിത്രം ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായിരുന്നു. മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ട് തന്നെയാണ് ഇതിന്റെ പ്രധാനകാരണം.

ചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഒരു വൈകാരിക കുറിപ്പുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവും മാധ്യമപ്രവര്‍ത്തകയുമായ സുപ്രിയ. ബ്രോ ഡാഡി അടുത്തിടെ തന്നെ വിട്ടു പോയ അച്ഛന് സമര്‍പ്പിച്ചിരിക്കുകയാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയിലൂടെ പൃഥ്വിരാജിന് നന്ദി പറഞ്ഞാണ് സുപ്രിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബ്രൊ ഡാഡി. എന്റെയും അല്ലിയുടെയും പ്രിയപ്പെട്ട ബ്രൊ ഡാഡിക്ക് ചിത്രം സമര്‍പ്പിക്കുന്നു. നന്ദി പൃഥ്വി. അച്ഛനുണ്ടായിരുന്നെങ്കില്‍ സിനിമ ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹമാണ് യാഥാര്‍ത്ഥ ബ്രൊ ഡാഡി, സുപ്രിയ കുറിച്ചു. ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ് അങ്കിള്‍.. അല്ലിയുടെ സ്വന്തം ബ്രോ ഡാഡി എന്നായിരുന്നു സിനിമ സമര്‍പ്പിച്ചു കൊണ്ട് പൃഥ്വിരാജ് കുറിച്ചത്.

സുപ്രിയ മേനോന്റെ പിതാവ് വിജയകുമാര്‍ മേനോന്‍ കഴിഞ്ഞ മാസമാണ് അന്തരിച്ചത. 71 വയസായിരുന്നു. ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കൊച്ചിയില്‍ വെച്ചാണ് മരിച്ചത്. സുപ്രിയ മേനോന്‍ ഏക മകളാണ്.

ബിബിന്‍ മാളിയേക്കലും ശ്രീജിത്തും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അഭിനന്ദന്‍ രാമാനുജം ആണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലാലു അലക്‌സ്, മീന, കല്യാണി പ്രിയദര്‍ശന്‍, കനിഹ, ജഗദീഷ്, മല്ലികാ സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.