പത്മ പുരസ്കാരം നിരസിച്ച് പശ്ചിമബം​ഗാൾ മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ. പത്മഭൂഷൺ നിരസിക്കുന്നു എന്ന് ബുദ്ധദേബ് തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സീതാറാം യെച്ചൂരി ട്വിറ്ററിൽ പങ്കുവച്ചു.

ഇന്നാണ് കേന്ദ്രസർക്കാർ പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 128 പേരുടെ പട്ടികയിൽ നാല് മലയാളികൾക്ക് പത്മശ്രീ ലഭിച്ചു. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ്, വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മണ്ണുത്തി സ്വദേശിയായ ഡോ ശോശാമ്മ ഐപ്പ് എന്നിവർ പത്മശ്രീ നേടി. സാമൂഹ്യപ്രവർത്തനത്തിന് കെവി റാബിയയും കായിക രംഗത്തെ സംഭാവനകൾക്ക് ചുണ്ടയിൽ ശങ്കരനാരായണൻ മേനോനും പുരസ്കാരങ്ങൾ ലഭിച്ചു.

ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചു. മരണാനന്തര ബഹുമതിയായാണ് ബിപിൻ റാവത്തിനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങിനും യുപിയിൽ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചത്. മഹാരാഷ്ട്രയിൽ നിന്നുള്ള പ്രഭ ആത്രേയാണ് പത്മവിഭൂഷൺ ലഭിച്ച മറ്റൊരാൾ.

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനും മുതിർന്ന സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയും അടക്കം 17 പേർക്ക് പത്മഭൂഷൺ പുരസ്കാരങ്ങളുണ്ട്. പത്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകളാണ് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചത്. നജ്മ അക്തർ, സോനു നിഗം എന്നിവർക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.