ലണ്ടന്‍: റഷ്യന്‍ അധിനിവേശം ആസന്നമെന്ന ആശങ്കയ്ക്കിടെ യുക്രൈന്‍ നയതന്ത്രകാര്യാലയത്തില്‍നിന്ന് ബ്രിട്ടന്‍ ജീവനക്കാരെ പിന്‍വലിച്ചുതുടങ്ങി. നയതന്ത്രകാര്യാലയ ജീവനക്കാരുടെ ബന്ധുക്കളോട് യുക്രൈന്‍ വിടാന്‍ അമേരിക്കയും അത്യാവശ്യമില്ലാത്തവര്‍ യുക്രൈന്‍ യാത്ര ഒഴിവാക്കണമെന്ന് ഫ്രാന്‍സും നിര്‍ദേശിച്ചു.

യുക്രൈനില്‍ റഷ്യയുടെ അധിനിവേശം ഏതുനേരവും ഉണ്ടാകാമെന്നാണ് അമേരിക്ക പറയുന്നത്. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ആളുകളെ തിരിച്ചുവിളിക്കുന്നതെന്നും അമേരിക്ക പറയുന്നു. യുക്രൈനിലേക്കും റഷ്യയിലേക്കും യാത്ര അരുതെന്നും അമേരിക്ക പൗരരോടു നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍, ബ്രിട്ടന്റെയും അമേരിക്കയുടെയും തീരുമാനത്തിനു പ്രേരകമായ തരത്തിലുള്ള അടിയന്തരസാഹചര്യമൊന്നും യുക്രൈനില്‍ ഉണ്ടായിട്ടില്ലെന്നാണ് ബി.ബി.സി. റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്റെ ജീവനക്കാര്‍ യുക്രൈനില്‍ തുടരും. സംഘര്‍ഷങ്ങളെ നാടകീയമായി അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ തലവന്‍ ജോസെപ് ബോറെല്‍ പറഞ്ഞു. അമേരിക്കയുടെ തീരുമാനം അനാവശ്യ മുന്‍കരുതലാണെന്ന് യുക്രൈന്‍ പറഞ്ഞു.

യുക്രൈന്‍ അതിര്‍ത്തിയിലെ റഷ്യയുടെ സൈനികവിന്യാസത്തിന്റെ പശ്ചാത്തലത്തില്‍ കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും അയക്കുകയാണ് ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍, ബള്‍ഗേറിയ, നെതര്‍ലന്‍ഡ്സ് എന്നീ നാറ്റോ അംഗരാജ്യങ്ങള്‍.

യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ നടത്തുന്ന സൈനിക വിന്യാസത്തിന് മറുപടിയായി കൂടുതല്‍ കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ച് അടിയന്തരസാഹചര്യം നേരിടാന്‍ സേനയെ സജ്ജരാക്കുകയാണെന്നും നാറ്റോ തിങ്കളാഴ്ച പറഞ്ഞു.

ഏകദേശം 1,00,000 റഷ്യന്‍ സൈനികര്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ യുദ്ധസജ്ജരായി തുടരുകയാണ്. ഈ ആഴ്ച തന്നെ യുക്രൈനില്‍ നിന്ന് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള രേഖാമൂലമുള്ള പ്രതികരണം കാത്തിരിക്കുകയാണ് റഷ്യ.

അമേരിക്കയുടെയും ബ്രിട്ടന്റെയും വാദങ്ങള്‍

• റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്.

• റഷ്യയോട് അനുഭാവമുള്ള മുന്‍ എം.പി. യെവ്ഹെന്‍ മുറയേവിനെ യുക്രൈനില്‍ അധികാരത്തിലേറ്റാന്‍ പുതിന്‍ ശ്രമിക്കുന്നു.

• യുക്രൈന്‍ അതിര്‍ത്തിയില്‍ ഒരുലക്ഷം സൈനികരെ റഷ്യ വിന്യസിച്ചു.

• 2014-ല്‍ യുക്രൈനില്‍ അധിനിവേശം നടത്തി ക്രിമിയ റഷ്യ പിടിച്ചെടുത്തിരുന്നു.

റഷ്യയുടെ ആശങ്ക

• അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങളുമുള്‍പ്പെട്ട നാറ്റോ സൈനികസഖ്യത്തില്‍ യുക്രൈന്‍ അംഗമാകുമോ എന്നതാണ്.

• യുക്രൈനെ നാറ്റോയില്‍ ചേര്‍ക്കില്ലെന്ന ഉറപ്പാണ് റഷ്യ പ്രതീക്ഷിക്കുന്നത്.

• യുക്രൈന്റെ നാറ്റോ അംഗത്വം റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ വാദം.