കേരളത്തിലെ ലോകായുക്ത (Lokayukta) നിയമത്തിൽ ഭേദഗതി വരുത്താനുള്ള നീക്കം അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri balakrishnan). ലോകായുക്തയിൽ അപ്പീൽ അധികാരമില്ലാത്തത് ഭരണഘടനയുടെ164 അനുഛേദത്തിന് വിരുദ്ധമാണെന്നാണ് അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശമെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി ഓർഡിനൻസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും കോടിയേരി വിശദീകരിച്ചു.

അപ്പീലില്ലാത്തതാണ് നിലവിലെ ലോകായുക്ത നിയമത്തിലെ പ്രശ്നം. ‘ഇപ്പോഴത്തെ നിയമമനുസരിച്ച് ലോകായുക്ത തീരുമാനിച്ചാൽ ഒരു സർക്കാരിനെ തന്നെ ഇല്ലാതാക്കാൻ കഴിയും. അപ്പീലിന്മേലാണ് ഭേദഗതി വരുത്തുന്നത്. ലോകായുക്തയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ ബിന്ദുവിനും എതിരെയുള്ള പരാതികളുമായി നിയമഭേദഗതിക്ക്  ബന്ധമില്ലെന്നും നിയമവിരുദ്ദമായൊന്നും സർക്കാർ ചെയ്തിട്ടില്ലെന്നുമാണ് കോടിയേരിയുടെ വിശദീകരണം.

‘കേരളത്തിൽ ലോകായുക്ത നിയമം എൽഡിഎഫ് സർക്കാരാണ് കൊണ്ടുവന്നത്. അതിന് ശേഷമാണ് കേന്ദ്രത്തിൽ ലോക്പാൽ നിയമം നിലവിൽ വന്നത്. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇപ്പോൾ ലോകായുക്ത നിലവിലുണ്ട്. ലോക്പാലും വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്തകളും പരിശോധിച്ച ശേഷമാണ് ഇവിടത്തെ നിയമത്തിൽ ഭേദഗതി വേണമെന്ന് 2021 ഏപ്രിൽ 13 ന് അന്നത്തെ എ. ജി സുധാകര പ്രസാദ് ഉപദേശം നൽകിയത്.

ലോകായുക്തയിലെ സെക്ഷൻ 14 ലാണ് ചട്ടലംഘനം നടത്തിയാൽ പദവിയിൽ നിന്നും പുറത്താക്കാൻ അധികാരികൾ നിർബന്ധിതരാകുന്നത്. അതിനുമുകളിൽ അപ്പീൽ അധികാരമില്ലെന്നതാണ് പ്രശ്നം. അപ്പീൽ അധികാരമില്ലാത്ത വകുപ്പ് നൽകിയത് ഭരണ ഘടനയുടെ 164 അനുഛേദത്തിന് വിരുദ്ധമാണെന്നാണ് അഡ്വക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടുന്നത്. ലോകായുക്തയ്ക്ക് ഇത്തരമൊരു അനുവാദം നൽകുന്നതിലെ ഭരണ ഘടനാ പ്രശ്നമാണ് എജി ചൂണ്ടിക്കാട്ടിയത്. ഇത് പരിഗണിച്ചാണ് ഓഡിനൻസ് കൊണ്ടുന്നതെന്നും കോടിയേരി പറഞ്ഞു. 2006 ലും സമാനമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഒന്നാം പിണറായി സർക്കാർ സമയത്താണ് ഇത് ആദ്യം പരിഗണിക്കപ്പെടുന്നതെന്നും കോടിയേരി പറഞ്ഞു.

കർണാടക, ആന്ധ്ര, തമിഴ്നാട്, രാജസ്ഥാൻ, ബിഹാർ ഗുജറാത്ത് അടക്കം സംസ്ഥാനങ്ങളിലെ ഭരണ ഘടനാ പദവിയിലിരിക്കുന്ന വ്യക്തിയെ പുറത്താക്കാൻ ലോകായുക്തക്ക് അധികാരമില്ല. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലും സ്ഥിതി അങ്ങനെ തന്നെയാണ്. 2020 തിൽ ഭേദഗതിയോടെയാണ് പഞ്ചാബ് ഇത് കൊണ്ടുവന്നത്. ബിജെപി ഭരിക്കുന്ന യുപിയിലും ഗുജറാത്തിലും ഭരണ ഘടനാ പദവിയിലിരിക്കുന്ന വ്യക്തിയെ പുറത്താക്കാൻ അധികാരം നൽകുന്നില്ലെന്നും കോടിയേരി ന്യായീകരിക്കുന്നു.

ലോകായുക്തയിൽ മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരെ പരാതി വന്നതിന് അടിസ്ഥാനത്തിലാണ് ഭേദഗതിയെന്ന വാദം തെറ്റാണെന്ന് കോടിയേരി പറഞ്ഞു. നേരത്തെയും മന്ത്രിമാർക്കെതിരെ സമാനമായ പരാതികളുണ്ടായിരുന്നുവെന്നും ഇനിയും പരാതി നൽകാമെന്നുമാണ് കോടിയേരിയുടെ വിശദീകരണം. പ്രതിപക്ഷ നേതാവുമായി കൂടിയാലോചന ഉണ്ടായില്ലെന്ന ഒരു വാദം ഉയർന്നിട്ടുണ്ട്. എന്നാൽ ലോകായുക്തയെ നിശ്ചയിക്കുന്ന സമയത്ത് മാത്രമാണ് പ്രതിപക്ഷ നേതാവുമായി ആലോചിക്കേണ്ടത്. ഭേദഗതി വരുത്തുന്നതിന് പ്രതിപക്ഷ നേതാവുമായി ആലോചിക്കേണ്ടതില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.