വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയ’ത്തിന്റെ (Hridayam) ആവേശമാണ് ഇപ്പോള്‍ പ്രേക്ഷകരില്‍. പ്രണവ് മോഹൻലാല്‍ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് തീയറ്ററുകളില്‍ ലഭിച്ചത്. പ്രണവ് മോഹൻലാലിന് ചിത്രം വൻ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ നേടിക്കൊടുക്കുന്നതും. ഇപ്പോഴിതാ ‘ഹൃദയം’ ചിത്രത്തിന്റെ സംഗീത വിഭാഗത്തെ കുറിച്ച് ഒരു അപ്‍ഡേറ്റുമായി വിനീത് ശ്രീനിവാസൻ എത്തിയിരിക്കുന്നു.

‘ഹൃദയം’ എന്ന ചിത്രം പാട്ടുകളാല്‍ സമ്പന്നമായിരുന്നു. ഓഡിയോ കാസറ്റായും ചിത്രത്തിലെ ഗാനങ്ങള്‍ എത്തുമെന്ന് നേരത്തെ വിനീത് ശ്രീനിവാസൻ പ്രഖ്യാപിച്ചിരിക്കുന്നു. ഇപ്പോഴിതാ ‘ഹൃദയം’ ചിത്രത്തിന്റെ ഓഡിയോ കാസറ്റുകളും ഓഡിയോ സിഡികളും ബുക്ക് ചെയ്‍തവര്‍ക്ക് അയച്ചുതുടങ്ങിയെന്നാണ് അറിയിച്ചിരിക്കുന്നത്. തിങ്ക് മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് ‘ഹൃദയം’ നിര്‍മിക്കുന്നത്.  വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ്  പ്രൊഡ്യൂസര്‍  സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.

പ്രണവ് മോഹൻലാലിന് പുറമേ ദര്‍ശന, കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ’മെന്ന ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എത്തിയിരിക്കുന്നത്. ‘ഹൃദയം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ റിലീസിന് മുന്നേ വൻ ഹിറ്റായിരുന്നു. വളരെ കൃത്യമായിട്ടാണ് ചിത്രത്തിലെ ഓരോ ഗാനവും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നുമാണ് അഭിപ്രായങ്ങൾ.