ഫോമാ പ്രസിഡന്റ് സ്ഥാനാർഥി ഡോ . ജേക്കബ് തോമസും പാനൽ അംഗങ്ങളും ഏവർക്കും റിപ്പബ്ലിക്ക് ദിന  ആശംസകൾ നേർന്നു. ഈ റിപ്പബ്ലിക്ക് ദിനത്തിൽ സാമൂഹിക തിന്മകളിൽ നിന്ന് രാഷ്ട്രത്തെ സംരക്ഷിക്കാൻ നമുക്ക് കൈകോർക്കാം. അതായിരിക്കട്ടെ നമ്മുടെ   മുദ്രാവാക്യം- ഡോ . ജേക്കബ് തോമസും  പാനലിലെ മറ്റു സ്ഥാനാർഥികളായ  സണ്ണി വള്ളിക്കളം, വൈസ് പ്രസിഡന്റ് (ചിക്കാഗോ, ഓജസ് ജോൺ, ജനറൽ സെക്രട്ടറി (സിയാറ്റിൽ), ബിജു തോണിക്കടവിൽ, ട്രഷറർ (ഫ്ലോറിഡ), ഡോ. ജയ്മോൾ ശ്രീധർ, ജോ. സെക്രട്ടറി (ഫിലാഡൽഫിയ), ജെയിംസ് ജോർജ്, ജോ. ട്രഷറർ (ന്യു ജേഴ്‌സി)  എന്നിവരും പറഞ്ഞു
1950 ജനുവരി 26 നാണ് ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും മാറി ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായത്.  പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മ നിലനിർത്തുമ്പോൾ തന്നെ ഈ സുദിനത്തിൽ  ഇന്ത്യക്കാർ  എന്ന നിലയിൽ നാം ചിന്തിക്കേണ്ട ഗൗരവമേറിയ നിരവധി വെല്ലുവിളികൾ  മുൻപിലുണ്ട് .
വേർതിരിവും വിവേചനങ്ങളുമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കാനും സാമൂഹിക-സാംസ്കാരിക-മതമൂല്യങ്ങൾ മുറുകെ പിടിക്കാനുമുള്ള  അവകാശങ്ങൾ യഥാർത്ഥത്തിൽ നമുക്ക് ലഭിക്കുന്നുണ്ടോ എന്നാലോചിക്കേണ്ടതുണ്ട്.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലികഴിപ്പിച്ച മഹാത്മാക്കളെ സ്മരിച്ചുകൊണ്ട് അവർ വിഭാവനം ചെയ്ത രാജ്യം വാർത്തെടുക്കാൻ പിന്നീട് വന്നവർ ശ്രമിച്ചോ എന്ന പരിശോധനയാണ് ഈ അവസരത്തിൽ  നടത്തേണ്ടത്. നമ്മുടെ പാരമ്പര്യത്തെയും ദേശിയ ധാർമ്മികതയേയും സമ്പന്നമാക്കാനും സംരക്ഷിക്കാനും കഴിയുന്നതെല്ലാം ചെയ്യുമെന്ന് മാതൃരാജ്യത്തോട് വാഗ്ദാനം ചെയ്യുന്നതാവട്ടെ ഇത്തവണത്തെ ആഘോഷം.
ഏവർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ.

ഡോ . ജേക്കബ് തോമസ്, ഫോമാ പ്രസിഡന്റ് സ്ഥാനാർഥി