ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗാനം നീക്കം ചെയ്തു. ഗാന്ധിജി ഹൃദയത്തോട് ചേർത്തുവച്ചിരുന്ന ‘അബൈഡ്‌  വിത്ത് മി’,  എന്ന് തുടങ്ങുന്ന ക്രിസ്തീയ സ്തുതിഗീതമാണ്  എടുത്തുമാറ്റിയത്.  കഴിഞ്ഞ 73 വർഷമായി എല്ലാ വർഷവും ഇന്ത്യൻ ആർമി ബാൻഡ് അവതരിപ്പിക്കുന്ന ഔദ്യോഗിക പരേഡിന്റെ ഭാഗമായിരുന്നു ഈ ഗാനം.

മോഡി സർക്കാരിന്റെ ഈ നീക്കത്തെ  ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് (ഫിയാക്കോണ) അപലപിക്കുന്നതായി  പ്രസിഡന്റ്  കോശി ജോർജ് വ്യക്തമാക്കി.    ക്രിസ്തീയ  വിശ്വാസത്തോട് മോഡി ഭരണകൂടം പുലർത്തുന്ന വിദ്വേഷവും വെറുപ്പും ഇതിൽ നിന്ന്  പ്രകടമാണെന്ന് കോശി ജോർജ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ  യഥാർത്ഥ സ്വാതന്ത്ര്യം  പുലരണമെങ്കിൽ,  കൊളോണിയൽ ഭൂതകാലവും ക്രിസ്തീയ  വിശ്വാസവും  അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉപേക്ഷിക്കണമെന്നാണ്  ഹിന്ദുത്വ പാർട്ടി വളരെക്കാലമായി വാദിക്കുന്നത്.

ഹിന്ദു ദേശീയവാദികൾ ഇന്ത്യയിലെ ക്രിസ്തീയ  വിശ്വാസത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ ശേഷിപ്പായി കണക്കാക്കുന്നത് അവരുടെ അറിവില്ലായ്മകൊണ്ടാണെന്നും ക്രിസ്തുമത  വിശ്വാസം  ഒന്നാം നൂറ്റാണ്ട് മുതൽ ഇന്ത്യയിൽ ഉള്ളതാണെന്നും    ഫിയക്കോന  ബോർഡ് അംഗമായ ജോൺ മാത്യു ചൂണ്ടിക്കാട്ടി .

“മോഡിയും  അദ്ദേഹത്തിന്റെ പാർട്ടിയും ചേർന്ന്  ക്രിസ്തീയ മതവിശ്വാസത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ അവശിഷ്ടമായി കണക്കാക്കുന്നു. അനേകം ക്രിസ്ത്യൻ മിഷനറിമാർ ഗാന്ധിജിയുടെ സന്ദേശം പ്രചരിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. മാത്രമല്ല, കൊളോണിയൽ ശക്തിയുടെ അന്യായമായ നയങ്ങൾക്കെതിരെ അവർ അദ്ദേഹത്തോടൊപ്പം നിലകൊണ്ടിരുന്നു   എന്ന വസ്തുതയും  മറക്കുന്നു.ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പതിനായിരക്കണക്കിന് ക്രിസ്ത്യാനികൾ ഇന്ത്യൻ സൈന്യത്തിൽ ചേരുകയും മാതൃരാജ്യത്തിന്റെ രക്ഷയ്ക്കായി  പോരാടുകയും ജീവൻ ബലിയർപ്പിക്കുകയും ചെയ്തു . ‘ഹിന്ദുയിസം’ എന്ന വാക്കുപോലും  കൊളോണിയലിസത്തിന്റെ സംഭാവനയാണെന്ന് വിസ്മരിക്കരുത്, ബോർഡ് അംഗം കൂടിയായ ജോർജ്ജ് എബ്രഹാം ഓർമ്മപ്പെടുത്തി.

ജനാധിപത്യപരമായ രീതികളും പാരമ്പര്യവും തുടച്ചുനീക്കുന്നതിലൂടെ  മത സ്വേച്ഛാധിപത്യം സ്ഥാപിക്കാനാണ്   ശ്രമമെന്ന്  കരുതുന്നതായി ടെന്നസിയിലെ ഹൗസ് ഓഫ് പ്രയർ പാസ്റ്ററും ഏഷ്യൻ ചിൽഡ്രൻസ് എജ്യുക്കേഷൻ  ഫെലോഷിപ്പിന്റെ പ്രസിഡന്റുമായ റവ. ബ്രയാൻ നെറെൻ പ്രസ്താവിച്ചു.
ഡെമോക്രാറ്റിക് എന്ന് സ്വയം ഘോഷിക്കുന്ന സർക്കാർ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും നിഷ്പക്ഷവും ആദരവുമുള്ളവരുമായിരിക്കണമെന്നും ബോർഡ് ചെയർമാൻ   ജോൺ പ്രഭുദോസ് പറഞ്ഞു..

ഇത്ര തുറന്ന രീതിയിൽ ശത്രുതാമനോഭാവം പ്രകടിപ്പിക്കുന്നത്  വംശഹത്യയിലേക്ക് പോലും നയിക്കുമെന്നും, അടുത്ത വംശഹത്യ  ഇന്ത്യയിലായിരിക്കും നടക്കുകയെന്ന്  ജനസൈഡ്  വാച്ചിലെ ഡോ. ഗ്രിഗറി സ്റ്റാന്റനെപ്പോലുള്ളവർ മുന്നറിയിപ്പ് നൽകുന്നതിൽ അതിശയിക്കാനില്ലെന്നും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ (NCC-USA) ഭാഗമായ ന്യൂയോർക്ക്  സ്റ്റേറ്റ് കൗൺസിൽ ഓഫ് ചർച്ചസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ റവ. പീറ്റർ കുക്ക് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, മതാന്ധത ബാധിച്ച  ഗവൺമെന്റിന്റെ കൈകളിൽ നിന്ന് രക്ഷിക്കുന്നതിന്, ക്രിസ്ത്യൻ, ഹിന്ദു, മുസ്ലീം, സിഖ്, ബുദ്ധമതം തുടങ്ങി എല്ലാ മതവിശ്വാസികളോടും  ജനുവരി 26-നും ജനുവരി 30-നും ഒത്തുചേർന്നുകൊണ്ട് ‘അബൈഡ്‌ വിത്ത് മി’ എന്ന സ്തുതിഗീതം പാടി  ഐക്യദാർഢ്യത്തോടെ നിലകൊള്ളണമെന്നും ഫിയാക്കോണ ആഹ്വാനം ചെയ്തു.