വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ച്ചയാകുന്നു. ഹിമപ്പേമാരിയ്ക്കും കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും പിന്നാലെ കാട്ടുതീയും ഉടലെടുത്തു.

കാലിഫോര്‍ണിയയിലെ ബിഗ്സര്‍ മേഖലയില്‍ 1500 ഏക്കറോളം വ്യാപ്തിയിലാണ് കാട്ടുതീയുണ്ടായത്. വെള്ളിയാഴ്ച്ച മുതല്‍ തുടരുന്ന കാട്ടുതീ പ്രദേശത്ത് വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

തീ ഇതുവരേയും നിയന്ത്രണ വിധേയമാക്കിയിട്ടില്ല. അഞ്ച് ശതമാനം മാത്രം തീയാണ് ഇതുവരെ അണക്കാനായതെന്ന് അഗ്‌നിശമന സേന അറിയിച്ചു. കൊളറാഡോ കാട്ടുതീ എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. കാട്ടുതീയ്ക്ക് പിന്നാലെ അമേരിക്കയിലെ പ്രധാന ദേശീയപാതകളിലൊന്നായ സ്റ്റേറ്റ് ഹൈവെ വണ്‍, തീരദേശ പട്ടണമായ കാര്‍മലിന് സമീപം അടച്ചു.

കാട്ടുതീ ബാധിത പ്രദേശമായ മോണ്ടെറി കൗണ്ടിയില്‍ നിന്നും അഞ്ഞൂറോളം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളേയും സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റി. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി കൂടുതല്‍ അഗ്‌നിശമന സേനാ യൂണിറ്റുകളെ പ്രദേശത്ത് വിന്യസിച്ചു. പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

അതേസമയം, കഴിഞ്ഞ രണ്ട് മാസങ്ങളായി പേമാരിയും വെള്ളപ്പൊക്കവും ഹിമക്കാറ്റും മൂലം അമേരിക്കന്‍ ജനത വിഷമഘട്ടത്തിലാണ്. ഇതിനു പിന്നാലെയാണ് കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.