1995ല്‍ ഒകലഹോമയില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ അഞ്ച് പേരുടെ ജീവന്‍ രക്ഷിച്ച്‌​ താരമായി മാറിയ റെയ്മണ്ട് വാഷ്ബേണിന്​ ജന്‍മനാട്​ അന്ത്യയാത്ര നല്‍കി.

ജന്‍മനാ കാഴ്ച ശേഷി ഇല്ലാതിരുന്ന അദ്ദേഹം 75ാം വയസില്‍ കഴിഞ്ഞ 16 നാണ്​ അന്തരിച്ചത്​.

26 വര്‍ഷം മുമ്ബ്​, നാടിനെ നടുക്കിയ ഒരു ബോംബ്​ സ്​ഫോടനത്തില്‍ നിന്ന്​ ജീവിതത്തിലേക്ക്​ അഞ്ചുപേരെ അദ്ദേഹം വഴികാണിക്കുകയായിരുന്നു. തനിക്ക്​ കാഴ്ച ശേഷി ഇല്ലാതിരുന്നത്​ കൊണ്ട്​​ സംഭവിക്കുന്നതെന്താണെന്ന്​ വ്യക്​തമായിരുന്നില്ലെന്നും അതുകൊണ്ടാണ്​ മറ്റുള്ളവരെ അനാ​യാസമായി വഴി കാണിക്കാന്‍ കഴിഞ്ഞതെന്നും പിന്നീടദ്ദേഹം പറഞ്ഞിരുന്നു.

ഒകലഹോമയില്‍ റെയ്മണ്ട് വാഷ്ബേസിന്‍ ഭക്ഷണ ശാല നടത്തുന്ന കെട്ടിടത്തിലായിരുന്നു​ സ്​ഫോടനമുണ്ടായത്​. 32 വര്‍ഷമായി അവിടെ ​ഭക്ഷണശാല നടത്തുകയായിരുന്നു അദ്ദേഹം. 1995 ഏപ്രില്‍ 19ന് മുന്‍ സൈനികനും, സുരക്ഷാ ഉദ്ദ്യോഗസ്ഥനുമായ തിമോത്തി മക്വീഗ് ഓകലഹോമയിലെ ഡൗണ്‍ടൗണില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുന്‍പില്‍ ഒരു വാഹനം പാര്‍ക്ക് ചെയ്ത് നടന്നകന്നു. വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന ബോംബ് നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിച്ചു.

19 കുട്ടികളടക്കം 168 പേരാണ് അന്ന് മരണത്തിന് കീഴടങ്ങിയത്. വാഷ്ബേണിന്‍റെ ഭക്ഷണശാലയില്‍ സംഭവസമയം നാല് ഉപഭോക്താക്കളുള്‍പ്പെടെ അഞ്ച് പോരാണുണ്ടായിരുന്നത്. കാഴ്ച ശേഷി ഉണ്ടായിരുന്നില്ലെങ്കിലും മൂന്ന് പതിറ്റാണ്ടിലേറെ താന്‍ പ്രവര്‍ത്തിച്ച കെട്ടിടവും പരിസരവും വാഷ്ബേണിന് ഉള്ളംകൈ പോലെ സുപരിചിതമായിരുന്നു.

ബോംബ് പൊട്ടിത്തെറിച്ചതോടെ ജനങ്ങള്‍ നാലുപാടും ചിതറിയോടി. “കാഴ്ച്ചയില്ലാത്തതായിരുന്നു മറ്റുള്ളവരെ താരതമ്യം ചെയ്യുമ്ബോള്‍ എനിക്കുള്ള ഗുണം. നമ്മളാല്‍ കഴിയുന്ന വിധം മറ്റൊരാളെ സഹായിക്കാന്‍ നമ്മള്‍ പ്രവര്‍ത്തിക്കേണ്ട സമയമാണതെന്ന തിരിച്ചറിവ് എനിക്കുണ്ടായിരുന്നു. എങ്ങനെ അവിടെ നിന്നും പുറത്തുകടക്കണമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ഞങ്ങളുടെ വഴിയില്‍ എന്തെല്ലാം സംഭവിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു” -ഭീകരമായ ആ സമയത്തെ വാഷ്ബേണ്‍ ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്. ആക്രമണത്തില്‍ 168 പേര്‍ കൊല്ലപ്പെടുകയും, മുന്നൂറോളം പേര്‍ പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. അവരില്‍ അഞ്ച് പേരുടെ ജീവന്‍ രക്ഷിച്ചത് അന്ധനായ വാഷ്ബേണായിരുന്നു.

വാഷ്ബേണിന്‍റെ ജീവിതം പരിശോധിച്ചാല്‍ ദൈവം ഒരുപക്ഷേ അദ്ദേഹത്തെ പാകപ്പെടുത്തിയത് ആ നിമിഷത്തിന് വേണ്ടിയാകാമെന്നാണ് സുഹൃത്ത് പ്രിന്‍സെല്ല സ്മിത്ത്​ സ്മരിച്ചു.

കാഴ്ച്ച ശക്തിയില്ലെങ്കിലും ശബ്ദവും, ചലനങ്ങളും അടിസ്ഥാനപ്പെടുത്തി മനുഷ്യരെ മനസ്സിലാക്കാനുള്ള പ്രത്യേക കഴിവുണ്ടായിരുന്നു വാഷ്ബേണിന്. സാധാരണ മനുഷ്യനെ പോലെ തൊഴിലിനും പഠനത്തിനും ദൈനംദിന ജീവിതത്തിനും തന്‍റെ വൈകല്യം വാഷ്ബേണിനെ ഒരിക്കലും തളര്‍ത്തിയിരുന്നില്ല. അതുകൊണ്ടുതന്നെയാണ് വാഷ്ബേണിന്‍റെ ജീവിതം പ്രചോദനകരമാകുന്നതും.

“നല്ല നിമിഷങ്ങളെയും, മനുഷ്യരേയും എന്നും മനുഷ്യന്‍ ഓര്‍ക്കും. റെയ്മണ്ട് വാഷ്ബേണ്‍ എന്ന ധീര നായകനും അവരിലൊരാളായി എന്നും അറിയപ്പെടും” -സുഹൃത്ത്​ റിച്ചാര്‍ഡ് പറയുന്നു.