ഇസ്‌ലാമിക വിശ്വാസത്തിന്റെ പേരില്‍ തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന കണ്‍സര്‍വേറ്റീവ് നിയമസഭാംഗവും മുന്‍ മന്ത്രിയുമായ നുസ്രത്ത് ഘാനിയുടെ ആരോപണത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

നുസ്രത്ത് ഘാനി എംപിയുടെ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി കാബിനറ്റ് ഓഫിസിനോട് ആവശ്യപ്പെട്ടതായി ഡൗണിങ് സ്ട്രീറ്റില്‍ നിന്നുള്ള പ്രസ്താവനയില്‍ അറിയിച്ചു. ‘ആദ്യം ഈ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട സമയത്ത്, സിസിഎച്ച്‌ക്യു (കണ്‍സര്‍വേറ്റീവ് കാംപയിന്‍ ആസ്ഥാനം)വില്‍ ഔദ്യോഗികമായി പരാതിപ്പെടാന്‍ പ്രധാനമന്ത്രി അവരോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഈ വാഗ്ദാനം അവര്‍ സ്വീകരിച്ചില്ലെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

‘സംഭവിച്ചതിനെക്കുറിച്ചുള്ള വസ്തുതകള്‍ പരിശോധിക്കാന്‍ പ്രധാനമന്ത്രി ഇപ്പോള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് അദ്ദേഹം പറഞ്ഞതുപോലെ, പ്രധാനമന്ത്രി ഈ അവകാശവാദങ്ങളെ വളരെ ഗൗരവമായി കാണുന്നു’.-പ്രസ്താവന വ്യക്തമാക്കി.

അതേസമയം, തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അന്വേഷണത്തില്‍ ‘സഭാ വിപ്പ് ഡൗണിങ് സ്ട്രീറ്റില്‍ പറഞ്ഞതെല്ലാം ഉള്‍പ്പെടുത്തണം’ എന്നും ഗനി ട്വിറ്ററില്‍ കുറിച്ചു. ഇന്നലെ രാത്രി ഞാന്‍ പ്രധാനമന്ത്രിയോട് പറഞ്ഞതുപോലെ, ഇത് ഗൗരവമായി കാണുകയും അദ്ദേഹം അന്വേഷിക്കുകയും ചെയ്യണമെന്നാണ് തന്റെ ആവശ്യം. ഇപ്പോള്‍ അത് ചെയ്യാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.’

മുസ്ലീം വിശ്വാസത്തിന്റെ പേരിലാണ് തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതെന്ന് ഘനി ശനിയാഴ്ചയാണ് ആരോപിച്ചത്. ഡൗണിങ് സ്ട്രീറ്റിലെ ഒരു മീറ്റിങില്‍ തന്റെ ‘മുസ്‌ലിം സ്വത്വം ഒരു പ്രശ്‌നമായി ഉയര്‍ന്നതായും’ തന്റെ ‘മുസ്ലിം വനിതാ മന്ത്രി പദവി സഹപ്രവര്‍ത്തകര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതായും’ ഒരു പാര്‍ട്ടി വിപ്പ് തന്നോട് പറഞ്ഞതായി അവര്‍ അവകാശപ്പെട്ടിരുന്നു.

ബോറിസ് ജോണ്‍സന്റെ മന്ത്രി സഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു നുസ്‌റത്. ബ്രിട്ടനിലെ ആദ്യ വനിത മുസ്‌ലിം മന്ത്രി എന്ന നിലയില്‍ ഇവര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 2020 ഫെബ്രുവരിയിലാണ് നുസ്‌റതിന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്.