ജനീവ: കോവിഡ്​ മഹാമാരിയുടെ നിര്‍ണായകഘട്ടം അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും അതിനാവശ്യമായ എല്ലാ സംവിധാനവും തങ്ങളുടെ പക്കലുണ്ടെന്നും ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ്​ അദാനോം ഗെബ്രിയേസസ്​.

കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണെന്നും ഇനിയും തുടരുന്നത്​ അനുവദിക്കാനാവില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും വലിയ സാമ്ബത്തിക ദാതാവായി ജര്‍മ്മനി മാറിയെന്ന് വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ ടെഡ്രോസ് പറഞ്ഞു. ഇതുവരെ അമേരിക്കയായിരുന്നു ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിരുന്നത്. ത്വരിതഗതിയില്‍ ആഗോള വാക്സിനേഷന്‍ കാമ്ബെയ്‌നുകള്‍ സംഘടിപ്പിക്കുന്നതിനാണ് തങ്ങള്‍ മുന്‍‌ഗണന നല്‍കുന്നതന്ന് ജര്‍മ്മന്‍ വികസന മന്ത്രി സ്വെഞ്ച ഷൂള്‍സ് അഭിപ്രായപ്പെട്ടു.

ടെഡ്രോസിന്‍റെ രണ്ടാം ടേമിനുള്ള ശ്രമങ്ങളും സംഘടനയെ സാമ്ബത്തിക സ്വയംപര്യാപ്​തമാക്കുന്നതിനുള്ള നിര്‍ദേശവും ഉള്‍പ്പെടുന്ന ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് മീറ്റിംഗുകള്‍ക്ക് മുന്നോടിയായാണ് ടെഡ്രോസിന്‍റെ പ്രസ്താവന.