കൊച്ചി: മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തത് അഞ്ചു കോടിയിലേറെ യാത്രക്കാര്‍. ഉദ്ഘാടനം നടന്ന 2017 മുതലുള്ള കണക്കാണിത്.

ഇതുവരെയുള്ള യാത്രക്കാരുടെ എണ്ണം 5.12 കോടിയാണ്.

നിലവില്‍ ശരാശരി 40,000 ത്തിനും 50,000 ത്തിനും ഇടയിലാണ് മെട്രോയിലെ പ്രതിദിനയാത്രക്കാര്‍. കോവിഡിന് മുന്‍പ് 65,000ത്തിലേറെ പേരാണ് മെട്രോയില്‍ ദിവസവും യാത്ര ചെയ്തിരുന്നത്. ലോക്ഡൗണ്‍ കാലയളവില്‍ മെട്രേയ്ക്കും സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടിവന്നു.

ലോക്ഡൗണിനുശേഷം സര്‍വീസ് പുനരാരംഭിച്ചെങ്കിലും യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. ആദ്യത്തെ ലോക്ഡൗണിനുശേഷം പ്രതിദിനം ശരാശരി 18,361 പേരാണ് മെട്രോ ഉപയോഗിച്ചിരുന്നത്. രണ്ടാമത്തെ ലോക്ഡൗണിനു ശേഷമിത് 26,043 ആയി. പിന്നീട് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെങ്കിലും കോവിഡിന് മുന്‍പുള്ള കണക്കുകളിലേക്ക് എത്താനായിട്ടില്ല. ഡിസംബറില്‍ യാത്രക്കാരുടെ എണ്ണം 50,000 കഴിഞ്ഞിരുന്നു.

കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കുന്നതിനായി ഒട്ടേറെ പദ്ധതികള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) നടപ്പാക്കുന്നുണ്ട്. ടിക്കറ്റ് നിരക്കില്‍ഇളവുകള്‍ പ്രഖ്യാപിക്കാറുമുണ്ട്. എന്നാല്‍, നിരക്ക് കുറയ്ക്കണമെന്നാണ് യാത്രക്കാരുടെ ഭാഗത്തുനിന്നുള്ള ആവശ്യം.