വാഷിംഗ്ടൺ: റഷ്യൻ സൈന്യത്തിന്റെ ആക്രമണം ഉണ്ടാകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ഭീതിയിൽ കഴിയുന്ന ഉക്രെയ്‌നിലെ ആശങ്കകൾ ഇരട്ടിയാക്കി അമേരിക്കയുടെ മുന്നറിയിപ്പ്. ഉക്രെയ്‌നിലെ യുഎസ് എംബസിയിലെ നയതന്ത്ര പ്രതിനിധികളുടെ കുടുംബങ്ങളോട് രാജ്യം വിടാൻ യുഎസ് നിർദ്ദേശിച്ചു. അടിയന്തിര ജോലികൾക്കായുളളവർ മാത്രം ഉക്രെയ്‌നിൽ തുടർന്നാൽ മതിയെന്നാണ് നിർദ്ദേശം

ഏത് നിമിഷവും റഷ്യൻ അധിനിവേശത്തിനുളള സാദ്ധ്യത കണക്കിലെടുത്താണ് അമേരിക്കയുടെ നിർദ്ദേശം. യുദ്ധമുണ്ടായാൽ അടിയന്തര ഒഴിപ്പിക്കലിന് സജ്ജമായ അവസ്ഥയിലല്ല രാജ്യമെന്നും യുഎസ് വ്യക്തമാക്കുന്നു. ഉക്രെയ്‌നിലേക്കുളള യുഎസ് പൗരൻമാരുടെ യാത്രയിൽ അമേരിക്ക നേരത്തെ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

10000 മുതൽ 15000 വരെ യുഎസ് പൗരൻമാർ ഉക്രെയ്‌നിൽ ഉണ്ടാകുമെന്നാണ് യുഎസിന്റെ വിലയിരുത്തൽ. ഏത് നിമിഷവും ഉക്രെയ്‌നിൽ റഷ്യൻ അധിനിവേശം ഉണ്ടാകാമെന്നാണ് യുഎസിന്റെ വിലയിരുത്തൽ. ഉക്രെയ്ൻ അതിർത്തിയിൽ റഷ്യ വൻ തോതിൽ സേനാവിന്യാസം നടത്തുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.

അധിനിവേശ സാദ്ധ്യതകൾ റഷ്യ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ടെങ്കിലും അതിർത്തിയിലെ സേനാവിന്യാസം മറിച്ചുളള സൂചനയാണ് നൽകുന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യയ്‌ക്കെതിരെ ഉപരോധമോ മറ്റ് നടപടികളോ സ്വീകരിക്കാനില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആക്രമണമോ അധിനിവേശമോ നടക്കാതെ റിപ്പോർട്ടുകളെ മാത്രം അടിസ്ഥാനമാക്കി നടപടി സ്വീകരിക്കാനാകില്ലെന്നാണ് ആന്റണി ബ്ലിങ്കന്റെ വിശദീകരണം.

ടാങ്കുകളും മിസൈലുകളും ഉൾപ്പെടെയാണ് ഉക്രെയ്ൻ അതിർത്തിയിൽ റഷ്യ വിന്യസിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തിലുളള കടന്നുകയറ്റം ഉണ്ടാകുന്നതിന് മുൻപ് പരമാവധി പൗരൻമാരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാനാണ് അമേരിക്കയുടെ നീക്കം.