ധാക്കാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യ(Jayasurya) തിരഞ്ഞെടുക്കപ്പെട്ടു. മേളയിലെ ഏഷ്യന്‍ മത്സര വിഭാഗത്തിലാണ് ജയസൂര്യ നേട്ടം സ്വന്തമാക്കിയത്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘സണ്ണി’ എന്ന ചിത്രത്തിലെ മികച്ച  അഭിനയമാണ്  ജയസൂര്യയെ അവാർഡിന് അര്‍ഹനാക്കിയത്. സൗത്ത് ഏഷ്യയിലെ ഏറ്റവും വിലപിടിപ്പുള്ള പുരസ്കാരം കൂടിയാണ് ജയസൂര്യക്ക് ലഭിച്ചിരിക്കുന്ത്.

‘കൂഴങ്കൾ’ ആണ് മികച്ച ഫീച്ചർ സിനിമ. ഡോ.ബിജു സംവിധാനം ചെയ്ത ദ് പോർട്രെയ്റ്റ്സ്, ഷരീഫ് ഈസ സംവിധാനം ചെയ്ത ആണ്ടാൾ , മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് , സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത എന്നിവർ എന്നീ സിനിമകളാണ് ഫിക്‌ഷൻ വിഭാഗത്തിൽ മലയാളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.  നോൺ ഫിക്ഷൻ വിഭാഗത്തിൽ ‘മണ്ണ്’ മാത്രമാണ് പ്രദർശന യോഗ്യത നേടിയിരുന്നത്.

ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് ‘സണ്ണി’. രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്ന് നിര്‍മ്മിച്ച സണ്ണി ഇരുവരും ഒരുമിക്കുന്ന എട്ടാമത്തെ ചിത്രമാണ്. തന്റെ ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട സണ്ണി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്.