വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപയുടെ വിദേശ കറൻസി (Foreign currency) നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ പാലക്കാട് സ്വദേശി ഹസ്സൻ അബ്ദുല്ലയിൽ നിന്നാണ് കറൻസി പിടികൂടിയത്. വിവിധ രാജ്യങ്ങളുടെ ഡോളർ, ദിനാർ, റിയാൽ തുടങ്ങിയ കറൻസികളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഹാൻഡ് ബാഗിലും ചെക്ക്–ഇൻ ബാഗിലുമായാണ് ഇയാൾ കറൻസികൾ കടത്താൻ ശ്രമിച്ചത്.

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി വിമാനത്താവളത്തിൽ പിടിയിൽ 

വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. ഇൻഡിഗോ വിമാനത്തിൽ ഷാർജയ്ക്ക് പോകാനെത്തിയ കുന്നംകുളം സ്വദേശി രാമകൃഷ്ണനാണ് അറസ്റ്റിലായത്. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ ഇയാൾക്കെതിരെ ഗുരുവായൂർ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന രാമകൃഷ്ണനെ നാട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇമിഗ്രേഷൻ വിഭാഗം പിടികൂടിയത്. തുടർന്ന് ഇയാളെ പൊലീസിന് കൈമാറി.