തൃശ്ശൂർ: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗമായ എം ബാലാജിയെയാണ് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ ജയിൽവാസം അനുഭവിച്ച ശേഷം വീണ്ടും കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തത്. അതേസമയം, മുൻ എം എൽ എ ബാബു എം പാലിശ്ശേരിയെ ഒഴിവാക്കിയാണ് കൊലപാതകിയായ എം ബാലാജിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.

1993ൽ ആർഎസ്എസ് പ്രവർത്തകനായ സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിലാണ് ബാലാജിയെ ശിക്ഷിച്ചത്. ഇയാളെ കൂടാതെ, സിഐടിയു ഏരിയാ സെക്രട്ടറി എം എൻ മുരളീധരൻ, കടവല്ലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മുഹമ്മദഗ് ഹാഷിം, പ്രവർത്തകരായ മജീദ്, ഉമ്മർ എന്നിവരാണ് അന്ന് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കീഴടങ്ങിയത്. ഏഴ് വർഷത്തെ ശിക്ഷയായിരുന്നു പ്രതികൾക്ക് വിധിച്ചത്.

കേസ് ആദ്യം പരിഗണിച്ച വിചാരണകോടതി പ്രതികളെ ജിവപര്യന്തം തടവിന് വിധിച്ചിരുന്നെങ്കിലും പിന്നീട് ഹൈക്കോടതി ശിക്ഷ റദ്ദാക്കി. ഇതിനെതിരെ കൊല്ലപ്പെട്ട സുരേഷിന്റെ അച്ഛൻ സുപ്രീം കോടതിയെ സമീച്ചതോടയാണ് ഏഴ് വർഷം തടവ് പുനസ്ഥാപിച്ചത്.

ഇന്ന് തെരഞ്ഞെടുത്ത 44 അംഗ ജില്ലാ കമ്മിറ്റിയിൽ 12 പുതുമുഖങ്ങളാണുള്ളത്. എംഎം വർഗീസ് ജില്ലാ സെക്രട്ടറിയായി തുടരും. നേരത്തെ തരംതാഴ്‌ത്തിയ മുൻ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി ശശിധരനും കമ്മിറ്റിയിൽ അംഗമാണ്. 15 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് മുൻ ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയുടെ മടങ്ങിവരവ്.