ഡാളസ്: ബൈഡന്‍ ഭരണകൂടം അധികാരത്തിലെത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാ‌യിട്ടും ഗ്യാസിന്‍റേയും നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കാന്‍ തികഞ്ഞ പരാജയം.
ഒരു വര്‍ഷം മുന്പുണ്ടായിരുന്ന ഗ്യാസിന്‍റെ വില (ഗാലന് 2 ഡോളര്‍) ആ‌യിരുന്നത് ഇപ്പോള്‍ മൂന്നു ഡോളറിനു മുകളിലെത്തി നില്‍ക്കുന്നു. മഹാമാരിയുടെ വ്യാപനത്തില്‍ പൊറുതിമുട്ടി കഴിയുന്ന സാധാര‌ണ ജനങ്ങളെ സംബന്ധിച്ചു കുതിച്ചുയരുന്ന ഗ്യാസിന്‍റെ വിലയ്ക്കൊപ്പം നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിച്ചിരിക്കുന്നത് താങ്ങാനാവാത്തതാണ്.

പണപെരുപ്പവും തൊഴിലില്ലായ്മയും വര്‍ധിക്കുന്നു. സാധാരണക്കാരെ സംബന്ധിച്ചു ഇതിനു തുല്യമായ ശന്പള വര്‍ധനവ് ഇല്ല എന്നുള്ളതാണ് ദുഃഖകരമായ വസ്തുത.

ഇന്ത്യന്‍ സ്റ്റോറുകളിലും മലയാളികളുടെ കടകളിലും ഇന്ത്യയില്‍നിന്നു ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിലയില്‍ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രണ്ടു മാസങ്ങള്‍ക്കു മുന്പ് ഒരു കണ്ടെയ്നര്‍ ഡാളസില്‍ എത്തണമെങ്കില്‍ മൂവായിരം ഡോളര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 15,000 മുതല്‍ 16,000 ഡോളര്‍ വരെയാണ് നല്‍കേണ്ടതെന്ന് കടയുടമകള്‍ പറയുന്നു.

25 ഡോളറിനു താഴെ ലഭിച്ചിരുന്ന 30 പൗണ്ട് പാചക ഓയിലിന് 50നു 60 നും ഇടയ്ക്കാണ് വില. അതുപോലെ തന്നെ ഒരു മാസം മുന്പുവരെ 50 സെന്‍റിനു ലഭിച്ചിരുന്ന ഒരു കിലോ സവോളക്ക് ഒന്നര ഡോളറായി വര്‍ധിച്ചു. ഒരു ഡോളറിനു ലഭിച്ചിരുന്ന വെളുത്തുള്ളിയുടെ വില കിലോ‌യ്ക്ക് നാല് ഡോളറിനു മുകളിലാണ്. ഇഞ്ചി, മുളക് എന്നിവയ്ക്കും 200 ശതമാനത്തിലേറെ വില വര്‍ധിച്ചു. ഈ വില വര്‍ധനവ് ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്നത് മലയാളി സമൂഹത്തെയാണ്.

നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ഇത്രയധികം വര്‍ധനവുണ്ടായിട്ടും ഇതിനെതിരെ ശബ്ധിക്കാന്‍ ആരുമില്ലെന്നതാണ് യാഥാര്‍ഥ്യം.

പി.പി. ചെറിയാന്‍