മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയില്‍ 98 ശതമാനം പണികളും പൂര്‍ത്തിയാക്കിയെന്ന ദേശീയ പാത അതോറിറ്റിയുടെ വാദം തെറ്റെന്ന് വിവരാവകാശ നിയമപ്രകാരമുളള രേഖകള്‍. റോഡ് പണി പൂര്‍ത്തിയായെന്ന് കാണിച്ച് ടോള്‍ പിരിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയായി വിവരാവകാശ രേഖ. കുതിരാനിലെ രണ്ടാം തുരങ്കം തുറന്നയുടൻ ടോള്‍ പിരിവിനുളള നീക്കത്തിലായിരുന്നു ദേശീയപാത അതോറിറ്റി.  അടിപ്പാതകളും സര്‍വീസ് റോഡുകളും ഉള്‍പ്പെടെയുളളവുടെ നിര്‍മ്മാണം ബാക്കി കിടക്കുമ്പോഴാണ് ടോള്‍ പിരിവിന് നീക്കം നടക്കുന്നത്. നിര്‍മ്മാണ കരാര്‍ കമ്പനിക്ക് ഇതിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

ടോള്‍ പിരിക്കാന്‍ നിര്‍മ്മാണ കരാര്‍ കമ്പനിക്ക്  അനുമതി നല്‍കിയത് ചൂണ്ടിക്കാട്ടി ദേശീയപാത അതോറിറ്റി തൃശൂര്‍ ജില്ല ഭരണകൂടത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ പ്രകാരം തീര്‍ക്കാനുളളത് ഇനിയുമെത്രയോ ജോലികളാണെന്ന് വിവരാവകാശ നിയമപ്രകാരം ദേശീയപാത അതോറിറ്റി നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നു. രണ്ടാം തുരങ്കത്തിൻറെ അപ്രോച്ച് റോഡ് പോലും പണി തീര്ന്നിട്ടില്ല.

ദേശീയപാതയുടെ 2.55 കി.മി. റോഡ് ഇനിയും പൂര്‍ത്തിയായിട്ടില്ല. 32.72 കി.മി. ദൂരമുള്ള സർവ്വീസ് റോഡിൽ 3.63 കി. മീ. ദൂരം പണി ബാക്കിയാണ്. 8 കി.മി. ദൂരം റോഡിന്റെ അരികിൽ കാന നിർമ്മിച്ചിട്ടില്ല. ട്രക്കുകളുടെ പാർക്കിങ്ങുമായി ബന്ധപ്പെട്ട പണികൾ, റോഡരികിലെ സൗകര്യങ്ങളും പൂർത്തിയാക്കിയിട്ടില്ല.12 ബസ് ഷെൽട്ടറുകളുടെ നിർമ്മാണം,

മൂന്നു വലിയ ജംഗ്ഷനുകളുടേയും 5 ചെറിയ ജംഗ്ഷനുകളുടേയും വികസനം എന്നിവ എങ്ങുമെത്തിയിട്ടില്ല.മുളയം മുടിക്കോട് ജംഗ്ഷനിലെ അടിപ്പാതകളുടെ എസ്റ്റിമേറ്റുകൾക്ക് ഇതുവരെ ദേശീയ പാത അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.എന്നാല്‍ ഇതൊന്നുമില്ലെങ്കിലും വടക്കഞ്ചേരിയിലെ ടോള്‍ പ്ലാസ ചുങ്കം പിരിവിനായി തയ്യാറായി കഴിഞ്ഞു.