ഐപിഎലിലെ പുതിയ രണ്ട് ടീമുകൾക്കുള്ള ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചു. ലക്നൗ ഫ്രാഞ്ചൈസിയെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ നയിക്കുമ്പോൾ അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയെ നിയമിച്ചു. രാഹുൽ നേരത്തെ ഐപിഎലിൽ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റനായിരുന്നു. ഹാർദ്ദിക് ആവട്ടെ ഇതുവരെ ഒരു ടീമിനെയും നയിച്ചിട്ടില്ല. ഐപിഎൽ ലേലം ഫെബ്രുവരി 12, 13 തീയതികളിൽ ബെംഗളൂരുവിലാണ് നടക്കുക.

മെഗാ ലേലത്തിനു മുന്നോടിയായി രാഹുലിനൊപ്പം ഓസീസ് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ്, യുവ ഇന്ത്യൻ ലെഗ് സ്പിന്നർ രവി ബിഷ്ണോയ് എന്നിവരെ ലക്നൗ ടീമിലെത്തിച്ചു. രാഹുലിന് 17 കോടി രൂപയാണ് ലക്നൗ നൽകുന്നത്. ഐപിഎലിൽ ഏറ്റവുമധികം തുക ലഭിക്കുന്ന താരം എന്ന റെക്കോർഡും ഇതോടെ രാഹുലിനു ലഭിച്ചു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ മുൻ നായകൻ വിരാട് കോലിയ്ക്കും 2018 ലേലത്തിൽ 17 കോടി രൂപ ലഭിച്ചിരുന്നു. സ്റ്റോയിനിസിനെ 9.2 കോടി രൂപയ്ക്കും ബിഷ്ണോയ്‌യെ 4 കോടി രൂപയ്ക്കുമാണ് ലക്നൗ സ്വന്തമാക്കിയത്. അഹ്മദാബാദ് ആവട്ടെ, ഹാർദ്ദിക്കിനൊപ്പം അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ, ഇന്ത്യൻ യുവ ബാറ്റർ ശുഭ്മൻ ഗിൽ എന്നിവരെ ടീമിലെത്തിച്ചു. ഹാർദ്ദിക്കിനും റാഷിദിനും 15 കോടി രൂപ വീതം നൽകുന്ന അഹ്മദാബാദ് ഗില്ലിന് 8 കോടി രൂപയും നൽകും.

28കാരനായ ഹാർദ്ദിക് 2015ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് ഐപിഎലിൽ അരങ്ങേറുന്നത്. 92 മത്സരങ്ങൾ കളിച്ച താരം 1476 റൺസും 42 വിക്കറ്റും നേടിയിട്ടുണ്ട്. കഴിഞ്ഞ കുറേ കാലങ്ങളായി പരുക്കും ഫോമൗട്ടും താരത്തെ വലയ്ക്കുകയാണ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിൽ ഹാർദ്ദിക്കിനെ പരിഗണിച്ചിരുന്നില്ല.

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഐപിഎൽ 15ആം സീസൺ വേദി മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ തന്നെ ഐപിഎൽ നടത്തുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി പലതവണ പറഞ്ഞെങ്കിലും അത് നടക്കാനിടയില്ലെന്നാണ് സൂചന. വേദിയായി ആദ്യം പരിഗണിക്കുക ഇന്ത്യയെത്തന്നെയാണെങ്കിലും മറ്റ് രണ്ട് രാജ്യങ്ങൾ കൂടി ബിസിസിഐയുടെ പരിഗണനയിലുണ്ട്.