വാഷിങ്ടണ്‍: ഇന്ത്യ കര്‍ഷകര്‍ക്ക് ഗോതമ്ബ് സബ്സിഡി നല്‍കുന്നതില്‍ പരാതിയുമായി യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍.

ഇത് സംബന്ധിച്ച്‌ നിയമ നടപടി എടുക്കുന്നതിന് ലോക വ്യാപാര സംഘടനയോട് ആവശ്യപ്പെടാന്‍ ബൈഡന്‍ ഭരണകൂടത്തോട് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗോതമ്ബിന്റെ ഉത്പ്പാദനത്തിന് വേണ്ടി ഇന്ത്യ തങ്ങളുടെ കര്‍ഷകര്‍ക്ക് പകുതിയിലധികവും സബ്സിഡി ആയി നല്‍കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. യുഎസ് കോണ്‍ഗ്രസിലെ 28 അംഗങ്ങള്‍ ചേര്‍ന്നാണ് പ്രസിഡന്റ് ബൈഡന് ഇത്തരത്തില്‍ കത്തയച്ചിരിക്കുന്നത്. യുഎസ് കോണ്‍ഗ്രസ്, സെനറ്റ് അംഗങ്ങളുടെ ഈ കത്തിന് യുഎസ് വീറ്റ് അസോസിയേറ്റ്സിന്റെ പിന്തുണയുമുണ്ട്.

ലോക വ്യാപാര സംഘടന സബ്സിഡി ആയി 10 ശതമാനം എന്ന് നിര്‍ദ്ദേശിച്ചിരിക്കെ ഇന്ത്യന്‍ ഭരണകൂടം കര്‍ഷകര്‍ക്ക് അരി, ഗോതമ്ബ് കൃഷികള്‍ക്കായി ഉത്പാദന മൂല്യത്തിന്റെ പകുതിയോളം സബ്സിഡി ആയി നല്‍കുന്നു. ഇതില്‍ അമേരിക്കയിലെ ഉത്പാദകര്‍ അവരുടെ എതിര്‍പ്പ് അറിയിക്കുന്നുവെന്നും കത്തില്‍ പറയുന്നു. ഇന്ത്യക്കെതിരെ ഒരു കേസ് തുടങ്ങണമെന്നും ലോക വ്യാപാര സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പ്രവണത മാറ്റാന്‍ വേഗത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നതായും സൂചിപ്പിച്ചാണ് കത്ത് അവസാനിപ്പിക്കുന്നത്.