സംസ്ഥാനത്തെ കോവിഡ് അതിതീവ്ര വ്യാപനത്തിന് കാരണം സി.പി.എം പാര്‍ട്ടി സമ്മേളനങ്ങളാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി.

സതീശന്റെ ആരോപണത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റഗറി അടിസ്ഥാനത്തില്‍ നിശ്ചയിച്ചത് സംസ്ഥാന സര്‍ക്കാറാണ്. സി.പി.എം അതില്‍ യാതൊരു അഭിപ്രായവും പറഞ്ഞിട്ടില്ല. സി.പി.എം പ്രവര്‍ത്തകര്‍ക്ക് രോഗം വരണമെന്ന ആഗ്രഹം പാര്‍ട്ടിക്ക് ഉണ്ടാകുമോയെന്നും കോടിയേരി ചോദിച്ചു.

സി.പി.എം സമ്മേളനങ്ങള്‍ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ്. നടന്‍ മമ്മൂട്ടിയെ പോലുള്ളവര്‍ക്ക് കോവിഡ് ബാധിച്ചത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണെന്നും കോടിയേരി സതീശന് നല്‍കിയ മറുപടിയില്‍ ചോദിക്കുന്നു. സമ്മേളനത്തോടനുബന്ധിച്ച്‌ പല പരിപാടികളും വേണ്ടെന്ന് വെച്ചു. പൊതുസ്ഥലങ്ങളില്‍ സമ്മേളന പരിപാടികളൊന്നുമില്ല. കലക്ടര്‍മാരുടെ അനുവാദത്തോടെയാണ് ഹാളുകളില്‍ പരിപാടി നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.

അതേസമയം, മമ്മൂട്ടിക്ക് കോവിഡ് വന്നത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തി​ട്ടാണെന്ന കോടിയേരിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം മറുപടിയുമായി രംഗത്തുവന്നു. ‘സി.പി.എം സംസ്ഥാന സെക്രട്ടറിയല്ലേ, ആ നിലവാരത്തിന് ചേരുന്ന ചോദ്യം തന്നെയാണ്. ഇനിയെങ്കിലും ആ ചെക്കനെ റൂം മാറ്റി കിടത്തണം’ -എന്നായിരുന്നു വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സി.പി.എം സമ്മേളനത്തിന് വേണ്ടി ടി.പി.ആര്‍ മാനദണ്ഡം മാറ്റിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം. ടി.പി.ആര്‍ അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ വന്നാല്‍ സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ നടത്താനാകില്ല. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ എന്തുകൊണ്ട് ക്വാറന്‍റീനില്‍ പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

വാളയാറില്‍ കുടുങ്ങിയ മലയാളികളെ കണ്ട എം.പിമാരെ മുമ്ബ് നിരീക്ഷണത്തില്‍ വിട്ടതാണ്. ഇപ്പോള്‍ സി.പി.എമ്മുകാര്‍ക്ക് നിരീക്ഷണമില്ലെന്നും അവര്‍ രോഗം പരത്തി നടക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.