ദുബായ് : സ്മാർട്ട് സേവനങ്ങളുമായി യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ. യുഎഇയിലെ എല്ലാ എമിറേറ്റുകളേയും ബന്ധിപ്പിക്കുന്ന ട്രെയിനിന്റെ രൂപവും ക്രമീകരണങ്ങളും വ്യക്തമാകുന്ന ചിത്രങ്ങളും വീഡിയോകളും മാദ്ധ്യമങ്ങൾ വഴി പുറത്തു വിട്ടു. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി ഒരുങ്ങുന്ന ഇത്തിഹാദ് ട്രെയിൻ 2030 ഓടെ സഞ്ചാര്യയോഗ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

സിൽവർ, ഗ്രേ നിറങ്ങളിലായി ചുവന്ന ഇത്തിഹാദ് റെയിലിന്റെ ലോഗോ പതിച്ച ട്രെയിനിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് മാദ്ധ്യമങ്ങൾ വഴി പുറത്തിറക്കിയത്. വിമാനങ്ങളിലേതിന് സമാനമായ അത്യാധുനിക സജ്ജീകരണങ്ങളാണ് ഇത്തിഹാദ് പാസഞ്ചർ ട്രെയിനിൽ ഒരുക്കുന്നത്. വൈഫൈ,വിനോദ സംവിധാനങ്ങൾ, റസ്റ്റോറന്റുകൾ തുടങ്ങിയ സ്മാർട്ട് സേവനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

നിലവിൽ ട്രെയിനിന്റെയും പാതയുടേയും പരിശോധനകൾ പുരോഗമിക്കുകയാണ് . നേരത്തെ ചരക്ക് നീക്കത്തിന് മാത്രമായി ലക്ഷ്യമിട്ടിരുന്ന ട്രെയിനിന് നഗരങ്ങളിൽ സ്റ്റേഷനുകൾ ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരുന്നെങ്കിലും വിശദാംശങ്ങൾ പുറത്തു വിട്ടിരുന്നില്ല. ട്രെയിൻ സർവ്വീസ് എന്ന് ആരംഭിക്കുന്നത് സംബന്ധിച്ചും വ്യക്തത നൽകിയിട്ടില്ല. 50 മില്യൺ ദിർഹം ചെലവ് വകയിരുത്തിയ പദ്ധതി പൂർത്തിയാകുന്നതോടെ ദുബായിയിൽ നിന്ന് അബുദാബിയിലേക്ക് 50 മിനിറ്റിലും അബുദാബിയിൽ നിന്നും ഫുജേറയിലേക്ക് 100 മിനിട്ടിലും എത്തിച്ചേരാനാകും.

1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നു പോവുക. മണിക്കൂറിൽ 200 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത. സൗദി അതിർത്തിയിലെ സില മുതൽ ഫുജേറ വരെ നീണ്ടുനിൽക്കുന്നതാണ് റെയിൽ. യാത്രകൾ ബുക്ക് ചെയ്യാനും മറ്റും സ്മാർട്ട് സേവനങ്ങളും ലഭ്യമാക്കും. പദ്ധതിക്ക് യുഎഇ സമ്പദ് വ്യവസ്ഥയിൽ 200 കോടി സംഭാവന ചെയ്യാനാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. റെയിലിന്റെ ആദ്യഘട്ടം 2016 ൽ പൂർത്തിയായിരുന്നു. 2030 ഓടെ ട്രെയിൻ സഞ്ചാര്യ യോഗ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.