കാസർകോട്: കാസർ കോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിലേക്ക്. നാളെ മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയിൽ പ്രവേശിച്ചതെന്നാണ് കളക്ടർ നൽകുന്ന വിശദീകരണം. പകരം ചുമതല എഡിഎമ്മിനായിരിക്കും. സിപിഎംജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് അവധി.

പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ച കാസർകോട് ജില്ലാ കളക്ടറുടെ നടപടി വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഹൈക്കോടതിയിൽ നിന്നും കളക്ടർക്ക് വിമർശനം നേരിട്ടിരുന്നു. പിന്നാലെയാണ് അവധിയിൽ പ്രവേശിച്ചത്. നിയന്ത്രണങ്ങൾ പിൻവലിച്ച കളക്ടറുടെ ഉത്തരവ് വ്യക്തമായില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.

ഇന്നലെ കൊറോണ അവലോകന യോഗം കഴിഞ്ഞതിന് പിന്നാലെയാണ് കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് രാഷ്‌ട്രീയ പാർട്ടികളുടെ പൊതു യോഗം വിലക്കിയത്. എന്നാൽ രണ്ട് മണിക്കൂറിനകം തീരുമാനം പിൻവലിക്കുകയായിരുന്നു. സിപിഎമ്മിന്റെ സമ്മർദ്ദം മൂലമാണ് കളക്ടർ തീരുമാനം പിൻവലിച്ചതെന്ന ആരോപണമാണ് ഉയർന്നത്.