സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തയാണ് സംരംഭം തുടങ്ങാന്‍ ശ്രമിച്ച് ദുരാനുഭവം നേരിട്ട കൊച്ചി സ്വദേശി മിനി ജോസിയുടെ അനുഭവം. കൊച്ചി പെരുമ്പടപ്പ് ബംഗ്ലാപറമ്പിൽ മിനി മരിയ ജോസിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. 14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്നു ഒരു ഫ്ലോര്‍ മില്ല് ഇടാൻ തീരുമാനിച്ചുവെന്നും അതിനായി നടത്തിയ ശ്രമങ്ങളാണ് ദുരിതം സമ്മാനിച്ചതെന്നും ഇവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇവിടെ ജീവിക്കാൻ അനുവാദം ഉള്ളത് പാവപ്പെട്ടവര്‍ക്ക് അല്ല. ഗവണ്‍മെന്‍റ് ജോലിക്കാർക്ക് ആണ്, ഞങ്ങളെ പോലെ പാവങ്ങൾ വീണ്ടും പ്രവാസി ആവണം. അതുകൊണ്ട് ഒരിക്കലും ഇങ്ങോട്ട് വന്നു ലോൺ കിട്ടി ബിസിനസ് ചെയ്യാൻ ഒന്നും ആരും ജോലി കളഞ്ഞു വരരുതെന്ന് മിനി പോസ്റ്റിന്‍റെ അവസാനം പറയുന്നു. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തന്‍റെ രേഖകള്‍ കീറിക്കളഞ്ഞാണ് മിനി പ്രതികരിച്ചത്.

വീടിനോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ പൊടിപ്പ് മിൽ തുടങ്ങാനായിരുന്നു ശ്രമം. ഇതിനായി ബാങ്ക് വായ്പയ്‌ക്ക് അപേക്ഷിക്കാനായാണ് രേഖകൾ തയ്യാറാക്കാൻ മിനി കഴിഞ്ഞ ഒന്നരമാസമായി ഓഫീസുകൾ തോറും കയറി ഇറങ്ങിയത്. ആരോഗ്യ വിഭാഗത്തിൽ നിന്നും മലിനീകരണ ബോർഡിൽ നിന്നുമെല്ലാം അനുമതി ലഭിച്ചു. കോർപ്പറേഷൻ ഓഫീസിൽ ചെന്നപ്പോൾ ആദ്യത്തെ ഓഫിസിൽ ആവശ്യപ്പെട്ടത് 25,000 രൂപ. അഞ്ചു പേർക്ക് അയ്യായിരം രൂപ വീതം നൽകാനാണെന്നു പറഞ്ഞുവെന്ന് മിനി പറയുന്നു.

ഇപ്പോള്‍ സംഭവത്തില്‍ വ്യവസായ മന്ത്രി പി രാജീവ് ഇടപെട്ടുവെന്നാണ് മിനി തന്നെ ഫേസ്ബുക്കിലിട്ട പോസ്റ്റ് പറയുന്നത്. രാജീവ് സാറുമായി ഈ വിഷയത്തെ കുറിച്ച് സംസാരിച്ചു.  കേരളത്തിൽ ഒരു വ്യവസായിക്ക് പച്ച പിടിക്കാൻ പറ്റില്ല എന്നായിരുന്നു ഇന്ന് വൈകീട്ട് വരെയുള്ള എന്റെ വിശ്വാസം. മന്ത്രിക്ക് എന്നോടുള്ള സമീപനം എന്നെ അത്ഭുതപെടുത്തി. എന്റെ പ്രശ്നങ്ങൾ ചോദിച്ചു മനസിലാക്കി ആവിശ്യമുള്ള നിർദ്ദേശം തരികയും എന്റെ ലൈസൻസ് രണ്ടു ദിവസത്തിനുള്ളിൽ ശെരിയാക്കി തരാമെന്നു രാജീവ് സാർ ഉറപ്പു തരികയും ചെയ്തുവെന്ന് മിനി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഞാൻ പോസ്റ്റിൽ പറഞ്ഞ  100% സത്യസന്ധമായ കാര്യങ്ങളാണെന്ന് മന്ത്രിക്ക് മനസിലായെന്നും മിനി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട കൂട്ടുകാരെ ഞാൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു ഒരു ചെറിയ വ്യവസായം തുടങ്ങുന്നതിനു ആവശ്യമുള്ള ലൈസൻസിനു വേണ്ടി കൊച്ചി കോർപറേഷനിൽ എനിക്കുണ്ടായ അനുഭവത്തെ കുറിച്ച്…
എന്റെ ആ പോസ്റ്റ്‌ കേരളത്തിന്റെ ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സാർ കാണാനിടയായി…. രാജീവ് സാർ കൊച്ചി കോർപറേഷനിലെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഎ ശ്രീജിത്ത്‌ സാറിനെ വിളിക്കുകയും… വളരെ ബുദ്ധിമുട്ടി എന്റ നമ്പർ കണ്ടുപിടിച്ചു ശ്രീജിത്ത്‌ സാറും  പതിനേഴാം ഡിവിഷൻ കൗൺസിലർ സിഎന്‍ രഞ്ജിത് മാസ്റ്ററും പൊതു പ്രവർത്തകനായിട്ടുള്ള ക്ലിന്റ് ബാബു (കുഞ്ഞനിയൻ )വീട്ടിൽ വരികയും….

മന്ത്രി രാജീവ് സാർ ശ്രീജിത്ത്‌ സാറിന്റെ ഫോണിലേക്കു വിളിക്കുകയും ഞാനും രാജീവൻ സാറുമായി ഈ വിഷയത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു.  കേരളത്തിൽ ഒരു വ്യവസായിക്ക് പച്ച പിടിക്കാൻ പറ്റില്ല എന്നായിരുന്നു ഇന്ന് വൈകിട്ട് വരെയുള്ള എന്റെ വിശ്വാസം. മന്ത്രിക്കു എന്നോടുള്ള സമീപനം എന്നെ അത്ഭുതപെടുത്തി. എന്റെ പ്രശ്നങ്ങൾ ചോദിച്ചു മനസിലാക്കി ആവിശ്യമുള്ള നിർദ്ദേശം തരികയും എന്റെ ലൈസൻസ് രണ്ടു ദിവസത്തിനുള്ളിൽ ശെരിയാക്കി തരാമെന്നു രാജീവൻ സാർ ഉറപ്പു തരികയും ചെയ്തു. ഞാൻ പോസ്റ്റിൽ പറഞ്ഞ  100% സത്യസന്ധമായ കാര്യങ്ങളാണെന്ന് രാജീവൻ സാറിന് മനസിലായത് കൊണ്ട് മാത്രമാണ് എന്നെ സഹായിച്ചത്…

രാജീവ് സാറിനും ശ്രീജിത്ത്‌ സാറിനും കൗൺസിലർ രഞ്ജിത്ത് മാസ്റ്റർക്കും ക്ലിന്റ് ബാബു സാറിനും എന്റെ നന്ദി അറിയിക്കുന്നു….. കൂടാതെ എന്റെ പോസ്റ്റ്‌ ഷെയർ ചെയ്യുകയും നല്ല നിർദ്ദേശം തരികയും സപ്പോർട്ട് ചെയ്തവർക്കും.. എന്നെ വിമർശിചവർക്കും…. എന്റെ പോസ്റ്റ്‌ രാജീവൻ സാറിന്റെ ശ്രദ്ധയിൽപെടുത്തിയ കൂട്ടുകാർക്കും. മാധ്യമങ്ങളാടും ഒരുപാട് ഒരുപാട് നന്ദി