ന്യൂഡല്‍ഹി: യുഎസില്‍ നടപ്പിലാക്കുന്ന 5 ജി സാങ്കേതികവിദ്യ ഇന്ത്യന്‍ വിമാന സര്‍വീസുകളെ ബാധിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതോടെ എയര്‍ ഇന്ത്യ നിര്‍ത്തിവച്ച എല്ലാ യുഎസ് സര്‍വീസുകളും അര്‍ധരാത്രി മുതല്‍ പുനരാരംഭിച്ചു.

എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനങ്ങള്‍ക്കടക്കം ക്ലിയറന്‍സ് നല്‍കിയതോടെയാണു പുതിയ തീരുമാനം. 5ജി സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ ബോയിങ് 777 അടക്കമുള്ള വിമാനങ്ങളിലെ ഉയരം കണ്ടെത്താനുള്ള ഉപകരണമായ റേഡിയോ ഓള്‍ട്ടിമീറ്ററിന് തകരാറ് സംഭവിക്കില്ലെന്ന് യുഎസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍ (എഫ്‌എഎ) വ്യക്തമാക്കിയതോടെയാണ് യാത്രകള്‍ പുനരാരംഭിച്ചത്.

ഡല്‍ഹിയില്‍ നിന്നു ന്യൂയോര്‍ക്ക്, ഷിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ, നെവാര്‍ക് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള 8 സര്‍വീസുകളാണ് 2 ദിവസത്തേക്കു നിര്‍ത്തിവച്ചത്. ഇതില്‍ ആറ് സര്‍വീസുകള്‍ ഇന്നലെ പുനരാരംഭിച്ചു. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് ഡല്‍ഹിയില്‍ നിന്ന് ആദ്യ വിമാനം രാവിലെ പുറപ്പെട്ടു. എമിറേറ്റ്‌സ് ബോയിങ് 777 വിമാനങ്ങളുടെ സര്‍വീസുകള്‍ ഇന്നു പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങള്‍ക്കു സമീപമുള്ള 5ജി ടവറുകളില്‍ നിന്നുള്ള തരംഗങ്ങളും വിമാനങ്ങളിലെ ഓള്‍ട്ടിമീറ്റര്‍ പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്ന തരംഗങ്ങളും അടുത്തടുത്ത ആവൃത്തിയിലുള്ളതായതുകൊണ്ട് ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് ഉയരം നിര്‍ണയിക്കാന്‍ പ്രയാസമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണു ലോകമെങ്ങുമുള്ള വിമാനക്കമ്ബനികള്‍ യുഎസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. പ്രശ്‌നം ഗുരുതരമായതോടെ 5ജി നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ യുഎസ് ടെലികോം കമ്ബനികളായ എ.ടി ആന്‍ഡ് ടി, വെറൈസണ്‍ എന്നിവ തീരുമാനിച്ചു.

ബോയിങ് 777, എയര്‍ബസ് എ380 എന്നിവ ഉപയോഗിക്കുന്ന എമിറേറ്റ്‌സിന്റെ യുഎസ് സര്‍വീസുകളെയാണ് ഏറ്റവുമധികം ബാധിച്ചത്. ബോയിങ് 717, 737, 747, 757, 767, 777, എംഡി-10/11, എയര്‍ബസ് എ300, എ310, എ319, എ320, എ330, എ340, എ350, എ380 എന്നീ മോഡല്‍ വിമാനങ്ങളിലെ ഓള്‍ട്ടിമീറ്ററുകള്‍ക്കാണ് എഫ്‌എഎ പരിശോധിച്ച്‌ അനുമതി നല്‍കിയത്.