ടൊവിനോ -ബേസില്‍ ചിത്രം മിന്നല്‍ മുരളിയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്. 5 മിനിറ്റും 31 സെക്കന്റും ദൈര്‍ഘ്യമുള്ള വിഡിയോയാണ് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിരിക്കുന്നത്. ടൊവിനോ തോമസും ബേസില്‍ ജോസഫും വിഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് വഴി പങ്കുവച്ചിട്ടുണ്ട്. ടൊവിനോ, ബേസില്‍, നിര്‍മ്മാതാവ് സോഫിയ പോള്‍, തിരക്കഥാകൃത്തുക്കളായ അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യു, ഗുരു സോമസുന്ദരം തുടങ്ങിയവര്‍ വിഡിയോയില്‍ സംസാരിക്കുന്നുണ്ട്.

ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള മിന്നല്‍ മുരളി. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് വ്‌ളാഡ് റിംബര്‍ഗാണ്. ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, മാമുക്കോയ ഫെമിന ജോര്‍ജ്. ബിജുക്കുട്ടന്‍, ബൈജു, സ്‌നേഹ ബാബു, ജൂഡ് അന്താണി ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്