കോവിഡ് ഭീഷണിയെ തുടര്‍ന്ന് ഐ.എസ്.എല്ലിലെ ഇന്നത്തെ മത്സരം മാറ്റി. കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹന്‍ബഗാനും തമ്മിലായിരുന്നു മത്സരം.

ബ്ലാസ്റ്റേഴ്സ് ടീമിലെ കോവിഡ് വ്യാപനം മൂലമാണ് കളി മാറ്റിയത്.

ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളാണ് മാറ്റിവെക്കുന്നത്. ക്യാമ്ബിലെ കോവിഡ് വ്യാപനം മൂലമാണ് തീരുമാനം. ആവശ്യത്തിന് കളിക്കാരില്ലാതെ വന്നതോടെ എടികെ മോഹന്‍ബഗാനുമായുള്ള മത്സരവും മാറ്റുകയായിരുന്നു. പതിനഞ്ച് കളിക്കാരുണ്ടെങ്കില്‍ മത്സരം നടത്താമെന്നായിരുന്നു ഐഎസ്‌എല്‍ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ബ്ലാസ്റ്റേഴ്സ് ക്യാമ്ബിലെ പതിനഞ്ച് താരങ്ങള്‍ പോലും കളിക്കാവുന്ന സാഹചര്യമല്ല നിലവിലുള്ളത്.

ഐഎസ്‌എല്ലില്‍ കഴിഞ്ഞ സീസണുകളിലേക്കാള്‍ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് കാഴച്ചവെക്കുന്നത്. എന്നാല്‍ കോവിഡ് ടീമിനെ പ്രതിരോധത്തിലാക്കി . താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ ടീമിന്റെ പരിശീലനം വരെ അനിശ്ചതത്വത്തിലായി. തുടര്‍ച്ചായയ പത്ത് മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് ലീഗില്‍ കൊമ്ബന്മാരുടെ പ്രയാണം. കോവിഡ് ബാധ മുംബൈയുമായുള്ള മത്സരം നേരത്തെ മാറ്റിയിരുന്നു.

എടികെ മോഹന്‍ബഗാന്‍ ക്യാമ്ബിലും കോവിഡ് ഭീതി ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മോഹന്‍ബഗാന്‍ ടീം പരിശീലനത്തിനിറങ്ങി. നേരത്തെ മാറ്റിവെച്ച ഒഡീഷ്യ എഫ്സി മത്സരം ഈ മാസം 23ന് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ജംഷഡ്പൂര്‍ എഫ്.സി, ഹൈദരാബാദ് എഫ്.സി, മുംബൈ സിറ്റി എഫ്.സി എന്നിവരാണ് ആദ്യ നാലിലുള്ളവര്‍. അതേസമയം ഇന്നലത്തെ മത്സരത്തില്‍ എഫ്.സി ഗോവയെ ഈസ്റ്റ് ബംഗാള്‍ തോല്‍പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിന്റെ ജയം.