യാഥാസ്ഥിതിക ഇസ്ലാമിക ചട്ടക്കൂടുകളില്‍ നിന്ന് സൗദി അറേബ്യന്‍ സമൂഹം പതുക്കെ പുറത്തു കടക്കവെ വെട്ടിലായി രാജ്യത്തെ മുതവ എന്ന പേരിലറിയപ്പെടുന്ന സദാചാര പൊലീസ്.

ഇസ്ലാമിക ധാര്‍മ്മിക മൂല്യങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ തെരുവുകളിലും മാളുകളിലും പരിശോധന നടത്തിയിരുന്ന ഈ ഔദ്യോ​ഗിക സംഘത്തിന്റെ പേര് കമ്മീഷന്‍ ഫോര്‍ ദ പ്രൊമോഷന്‍ ഓഫ് വെര്‍ച്യു ആന്റ് ദി പ്രിവന്‍ഷന്‍ ഓഫ് വൈസ് എന്നാണ്. മുതവ എന്നറിയപ്പെടുന്ന ഇവര്‍ സൗദിയിലെ സദാചാര പൊലീസ് എന്ന പേരില്‍ ആ​ഗോള തലത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ചതാണ്.

സ്ത്രീകള്‍ ഹിജാബ് ധരിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക, തെരുവുകളില്‍ സം​ഗീത പരിപാടുകള്‍ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക, ഇസ്ലാമിക മൂല്യങ്ങള്‍ക്കെതിരായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തുക തുടങ്ങിയവയായിരുന്നു ‌ഈ സദാചാര പൊലീസിന്റെ ജോലികള്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി ഈ സംഘത്തിന് രാജ്യത്ത് വലിയ പ്രസക്തിയൊന്നുമില്ല. യാഥാസ്ഥിതിക നിയന്ത്രണങ്ങളെ സൗദി ഭരണ കൂടം വലിയ തോതില്‍ ഇന്ന് പിന്തുണയ്ക്കുന്നില്ല. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ വലിയ മാറ്റങ്ങളാണ് രാജ്യത്ത് വരുന്നത്.

അടുത്തിടെ റിയാദില്‍ കനേഡിയന്‍ പോപ് താരം ജസ്റ്റിന്‍ ബീബറുള്‍പ്പെടെ പങ്കെടുത്ത സം​ഗീത ഫെസ്റ്റിവല്‍, ബോളിവുഡ് താരങ്ങളുള്‍പ്പെടെ പങ്കെടുത്ത റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവ ഇതിനു​ദാഹരണമാണ്. ഭരണകൂടത്തിന്റെ നയം മാറ്റത്തോടെ വെട്ടിലായത് സൗദിയിലെ ഈ സദാചാര സംഘമാണ്. തങ്ങളെന്തൊക്കെ നിരോധിക്കുന്നോ അതിനൊക്കെ ഇന്ന് സൗദി ഭരണകൂടത്തിന്റെ അനുമതിയുണ്ടെന്നും അതിനാല്‍ ഈ ജോലി ചെയ്യുന്നതില്‍ ഇപ്പോള്‍ കാര്യമില്ലെന്നുമാണ് മുതവ അം​ഗങ്ങള്‍ പറയുന്നത്.

‘ഞാന്‍ എന്തൊക്കെയാണോ നിരോധിക്കേണ്ടത്, അതിനെല്ലാം ഇന്ന് ഔദ്യോ​ഗിക അനുമതിയുണ്ട്,’ ഫെെസല്‍ എന്ന മുതവയിലെ മുന്‍ ഓഫീസര്‍ വാര്‍ത്താ ഏജന്‍സിയായ എഫ്പിയോട് പറഞ്ഞതിങ്ങനെയാണ്. ‘മുതവയ്ക്ക് അതിന്റെ എല്ലാ പ്രത്യേകാവകാശങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ക്ക് വ്യക്തമായ ഒരു റോളില്ല, ‘അനുചിതമെന്ന് തോന്നുന്ന പെരുമാറ്റങ്ങള്‍ മാറ്റാനോ അതിലിടപെടാനോ ഞങ്ങള്‍ക്കിപ്പോള്‍ അവകാശമില്ല,’ അദ്ദേഹം പറഞ്ഞു.

പ്രായോ​ഗിക തലത്തില്‍ ഇന്ന് മുതവ എന്ന ഔദ്യോ​ഗിത സംഘം സൗദി സമൂഹത്തിലില്ലെന്നാണ് ഇതിലെ മറ്റൊരു മുന്‍ ഓഫീസറായ തുര്‍ക് പറയുന്നത്. തന്റെ യഥാര്‍ത്ഥ പേര് പറയാനും ഇദ്ദേഹം മടിച്ചു.

തങ്ങളുടെ ജോലികള്‍ ഡെസ്കിലേക്ക് ചുരുങ്ങിയെന്നും ഇന്ന് വേതനത്തിന് വേണ്ടി മാത്രമാണ് ഈ ജോലി പലരും ചെയ്യുന്നതെന്നും ഇദ്ദേഹം പറയുന്നു. ധാര്‍മ്മിക മൂല്യങ്ങളെ പറ്റിയും മറ്റും സെമിനാറുകളും ബോധവല്‍ക്കരണ ക്യാമ്ബയിനുകളും നടത്തുകയാണ് ഇവരിപ്പോള്‍. അതേസമയം മുതവയെ പൂര്‍ണമായും ഉപേക്ഷിക്കുകയെന്നത് സൗദി അറേബ്യന്‍ ഭരണ കൂടത്തെ സംബന്ധിച്ച്‌ സാധ്യമല്ലെന്നാണ് വിദ​ഗ്ധര്‍ പറയുന്നത്. സമൂഹത്തിലെ താഴേത്തട്ടില്‍ ഇവരുടെ സ്വാധീനം വലുതാണ്.