മുഖ്യമന്ത്രിയുടെ (chief minister)ബന്ധുവിന്റെ വീട്ടിലെ ഇഡി റെയിഡുമായി (ed raid)ബന്ധപ്പെട്ട് രാഷ്ട്രീയപ്പോര് മുറുകുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്നും തെരഞ്ഞടുപ്പിന് മുന്നേ തന്നെ അപമാനിക്കാൻ ആണ് ശ്രമമെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി ആരോപിച്ചു. തന്നെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കം വിലപോകില്ലെന്നും ഇഡിക്ക് തനിക്കെതിരെ ഒന്നും കണ്ടെത്താനായില്ലെന്നും ചരൺ ജിത്ത് സിങ്ങ് ചന്നി പ്രതികരിച്ചു.ഇതിനിടെ മന്ത്രി ഗുർജിത് സിങ്ങിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാല് കോൺഗ്രസ് എംഎൽഎമാർ സോണിയാ ഗാന്ധിക്ക് കത്തയച്ചു.

അനധികൃത മണൽ ഖനനം പഞ്ചാബ് തെരഞ്ഞെടുപ്പിലെ പ്രചാരണത്തിലെ ചൂടേറിയ വിഷയമാണ്. കോൺഗ്രസിനെതിരെ ഈ വിഷയം പ്രതിപക്ഷം ശക്തമായ പ്രചാരണായുധമാക്കുകയാണ്. ഇതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് പത്തിടങ്ങളിൽ ഇഡി റെയിഡ് നടത്തിയത്. റെയിഡിൽ പത്തു കോടി രൂപ കണ്ടെത്തിയെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്.പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരിയുടെ മകനായഭൂപിന്ദർ സിങിന്റെ വസതിയിൽ നിന്ന് ഏട്ടരകോടിയും. പങ്കാളിയായ സന്ദീപ് കുമാറിനെ വസതിയിൽ നിന്ന് രണ്ടു കോടി രൂപയും പിടികൂടിയെന്നാണ് റിപ്പോർട്ട്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തിയ റെയിഡ് രാഷ്ട്രീയ നീക്കമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തന്നെ സമ്മർദ്ദിലാക്കാനുള്ള വിലപോകില്ലെന്നാണ് മുഖ്യമന്ത്രി ചന്നിയുടെ പ്രതികരണം. ബന്ധുക്കളുടെ വീടുകളിലെ റെയ്ഡ് സർക്കാർ ഗൂഢാലോചനയാണ്. എന്തുകൊണ്ടാണ് അരവിന്ദ് കെജ്‌രിവാളിന്റെ ബന്ധുക്കൾക്ക് നേരെ അന്വേഷണമൊന്നും ഉണ്ടാകാത്തതെന്നും ചരൺജിത്ത് സിങ് ചന്നി ചോദിച്ചു.  മുഖ്യമന്ത്രിക്കും അഴിമതിയിൽ പങ്കുണ്ടെന്ന് വാദമാണ് ആംആദ്മി പാർട്ടിയും ബിജെപിയും ഉയർത്തുന്നത്.

ഇതിനിടെ പഞ്ചാബ് കോൺഗ്രസിൽ കലഹം തുടരുകയാണ്. നവതേജ് സിംഗ് ചീമ, സുഖ്പാൽ സിംഗ് ഖൈറ, അവതാർ സിംഗ് ജൂനിയർ ബാവ ഹെൻറി, ബൽവീന്ദർ സിംഗ് ധലിവാൾ എന്നിവരാണ് മന്ത്രി റാണ ഗുർ ജിത് സിങ്ങിനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് അയച്ചത്. സുൽത്താൻപൂർ ലോധി മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയുമായ നവതേജ് സിംഗ് ചീമക്കെതിരെ മന്ത്രിയുടെ മകൻ റാണ ഇന്ദർ പ്രതാപ് സിങ്ങിനെ വിമത സ്ഥാനാർഥിയാക്കിയ സാഹചര്യത്തിലാണ് നീക്കം. മകനായി ഈ മണ്ഡലം ഗുർജിത്ത് റാണ നോട്ടമിട്ടിരുന്നു.എന്നാൽ സിറ്റിംഗ് എംഎൽഎക്ക് തന്നെ പാർട്ടി സീറ്റ് നൽകുകയായിരുന്നു. തന്നെ പാർട്ടിക്ക് ആവശ്യമില്ലെങ്കിൽ പുറത്താക്കട്ടെന്നാണ് ഗുർജിത്ത് റാണയുടെ പ്രതികരണം.