രണ്ട് ദിവസം ദലാൽ സ്ട്രീറ്റിൽ കരടികൾ ലീഡ് നേടിയപ്പോൾ ഇന്ത്യൻ നിക്ഷേപകരുടെ കണ്ണിൽ നിന്ന് പൊന്നീച്ച പാറി. മണിക്കൂറുകൾക്കുള്ളിൽ 5.15 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. സെൻസെക്സ് 1400 പോയിനവ്റോളം ഇടിഞ്ഞ് വീണ്ടും 60000 ത്തിന് താഴെ വന്നതാണ് തിരിച്ചടിക്ക് ഒരു കാരണം.

തിങ്കളാഴ്ച 61385.48 പോയിന്റിലാണ് ബിഎസ്ഇ വ്യാപാരം അവസാനിപ്പിച്ചത്. പിന്നീട് 1432 പോയിന്റിടിഞ്ഞു. ബിഎസ്ഇ ഓഹരികളുടെ വിപണി മൂല്യം 28002438 കോടി രൂപയിൽ നിന്ന് 27485912 കോടി രൂപയായി കുറഞ്ഞു. ആഗോള തരത്തിൽ പണപ്പെരുപ്പം ഉയരുന്നത് വിപണിയെ കാര്യമായി സ്വാധീനിച്ചു.

ഇതിന് പുറമെ യുഎഇയിലെ എണ്ണ ടാങ്കുകൾക്ക് നേരെയുണ്ടായ ആക്രമണത്തോടെ ആഗോള തലത്തിലെ എണ്ണ വില ഏഴ് വർഷത്തെ ഉയർന്ന നിരക്കിലെത്തിയതും തിരിച്ചടിയായി. ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ എണ്ണവില ബാരലിന് 100 ഡോളർ കണക്കുകൂട്ടുമെന്ന വിലയിരുത്തലിലാണ് ഇപ്പോൾ ഗോൾഡ്മാൻ സാക്സ്.

ഇതിന് പുറമെ ഉക്രയിനെതിരെ റഷ്യ നടത്തുന്ന സൈനിക നീക്കങ്ങളും വിപണിയെ വരും ദിവസങ്ങളിൽ സ്വാധീനിച്ചേക്കും. ആഗോള തലത്തിലെ സൂചനകളെല്ലാം ഇന്ത്യൻ നിക്ഷേപകർക്ക് നിരാശ സമ്മാനിക്കുന്നതാണ്. അതിനാൽ വരും ദിവസങ്ങളിലും ഓയിൽ ആന്റ് ഗ്യാസ് സെക്ടറിൽ ഓഹരി വില ഇടിയുമെന്നാണ് വിലയിരുത്തൽ.