മൂന്നാം തരംഗം തീവ്രമാകുമ്പോൾ രോഗ വ്യാപനത്തെച്ചൊല്ലി രാഷ്ട്രീയപ്പോരും മുറുകുകയാണ് കേരളത്തിൽ. പ്രോട്ടോക്കാൾ ലംഘിച്ചുള്ള പാർട്ടി സമ്മേളനങ്ങളാണ് രോഗവ്യാപനത്തിന്‍റെ കാരണമെന്നാണ് പ്രതിപക്ഷനേതാവിന്‍റെ കുറ്റപ്പെടുത്തൽ. തെറ്റ് ആര് ചെയ്താലും തെറ്റാണെന്ന് പറഞ്ഞ് പാർട്ടി സമ്മേളനത്തിലെ മെഗാ തിരുവാതിരയെ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് തള്ളിപ്പറയുകയും ചെയ്തു.

മൂന്നാം തരംഗം നേരിടാൻ രാഷ്ട്രീയഭേദമില്ലാതെ എല്ലാവരും ഒന്നിക്കണമെന്നാണ് ആരോഗ്യമന്ത്രിയുടെ ആഹ്വാനം. പക്ഷെ സർക്കാരിനെയും സിപിഎമ്മിനെയും കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് പ്രതിപക്ഷം. കൊവിഡ് കാലത്തും തുടരുന്ന സിപിഎം സമ്മേളനങ്ങളും പ്രോട്ടോക്കോൾ ലംഘിച്ചുള്ള മെഗാ തിരുവാതിരയും പറഞ്ഞാണ് തുടർച്ചയായ കുറ്റപ്പെടുത്തൽ.

”ഈ പാർട്ടി സമ്മേളനങ്ങൾ ഞങ്ങൾ നടത്തും എന്ന് പറഞ്ഞ് ഇവിടെ ആൾക്കൂട്ടവും തിരുവാതിര കളിയുമല്ലേ? ഒരു എംഎൽഎയല്ല, നാല് എംഎൽഎമാർ സമ്മേളനങ്ങളിൽ പങ്കെടുത്തവർ ഇപ്പോ രോഗികളാണ്. അതായത് ആ യോഗത്തിൽ പങ്കെടുത്ത ഏകദേശം എല്ലാവർക്കും രോഗം വന്നു. അവിടെ നിന്ന് പത്ത് – മുന്നൂറ്റമ്പത് പേർക്കായി രോഗം. മന്ത്രിയുൾപ്പടെയുള്ളവരുടെ കണക്കാണ് ഞാനീ പറയുന്നത്. ആ മുന്നൂറ്റമ്പത് പേര് എത്ര പേർക്ക് രോഗം പരത്തിയിരിക്കാം? അതിന്‍റെ ഇരട്ടി കണക്കല്ലേ പുറത്തുവരിക? അപ്പോൾ മരണത്തിന്‍റെ വ്യാപാരികളായും രോഗവ്യാപനത്തിന്‍റെ ഉറവിടങ്ങളായും പാർട്ടി സമ്മേളനങ്ങൾ മാറിക്കഴിഞ്ഞു”, സതീശൻ പറയുന്നു.

അതേസമയം, തിരുവനന്തപുരത്ത് പാറശ്ശാലയിൽ സിപിഎം സമ്മേളനത്തിന് മുന്നോടിയായി 500-ൽ പരം സ്ത്രീകളെ പങ്കെടുപ്പിച്ച് നടന്ന മെഗാ തിരുവാതിര തെറ്റ് തന്നെയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും സമ്മതിക്കുന്നു. അനുമതിയോട് കൂടിയാണ് സിപിഎം ജില്ലാ സമ്മേളനങ്ങൾ എന്നാണ് ഇതേക്കുറിച്ച് ചോദ്യമുയർന്നപ്പോൾ മന്ത്രി സൂചിപ്പിച്ചത്.  കൊവിഡ് വ്യാപനം കുത്തനെ കൂടുന്നതിനിടെ, സിപിഎം സമ്മേളനങ്ങളിൽ ആൾക്കൂട്ടമുണ്ടായതും, മെഗാ തിരുവാതിര നടത്തിയതും തെറ്റ് തന്നെയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ”തെറ്റ് ആര് ചെയ്താലും തെറ്റാണ്. പാർട്ടി ഇക്കാര്യം തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചേ ഏത് പരിപാടിയും നടത്താവൂ എന്ന് ആരോഗ്യവകുപ്പ് നിഷ്കർഷിച്ചിരുന്നതാണ്. എല്ലാവരും ഇത് പാലിക്കണം. സിപിഎമ്മും ഇതിനുള്ള നടപടിയെടുത്തു”, മന്ത്രി പറയുന്നു.

സിപിഎം സമ്മേളനത്തിൽ പരിപാടികളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ഇല്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കും. ഒമിക്രോണിന്‍റെ അതിതീവ്രവ്യാപനശേഷി തന്നെയാണ് കാരണമെന്നും ആരോഗ്യമന്ത്രി പറയുന്നു.

ആരോഗ്യവകുപ്പിനും സർക്കാരിനുമെതിരെ തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ വിമർശനമുയർന്നുവെന്ന വാർത്തകൾ വെറും ഊഹാപോഹമെന്നും വീണാ ജോർജ് പറയുന്നു. അത്തരം വിമർശനമുണ്ടായിട്ടില്ലെന്നാണ് മന്ത്രിയുടെ പക്ഷം. ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരെ
ചിലർക്ക് ചില അജണ്ടകൾ ഉണ്ടാകും. അങ്ങനെ സ്ഥാപിക്കാൻ ശ്രമങ്ങളും ഉണ്ടായേക്കാം. ജില്ലാ സമ്മേളനത്തിൽ വിമർശനം ഉണ്ടായി എന്നത് വെറും പ്രചരണം മാത്രം. അജണ്ടകൾ നിശ്ചയിച്ച് ചിലർ വാർത്തകൾ പ്രതിഷ്ഠിക്കുന്നുവെന്നും ആരോഗ്യമന്ത്രി ആരോപിക്കുന്നു.

കൊവിഡ് ജാഗ്രതയിൽ എല്ലാവരും ഒന്നിക്കണമെന്ന് പറയുമ്പോഴും ഇക്കാര്യത്തിൽ സർക്കാരിന്‍റെ ഇരട്ടത്താപ്പാണ് രാഷ്ട്രീയ വാക്പോരുകൾക്ക് അപ്പുറവും ചർച്ചയാകുന്നത്. മെഗാതിരുവാതിരയെ തള്ളിപ്പറയുന്ന ആരോഗ്യവകുപ്പ് കൊവിഡ് ചട്ടങ്ങൾ അവഗണിച്ചുള്ള പാർട്ടി സമ്മേളനങ്ങൾക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല.

ഇടുക്കി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം സമ്മേളനങ്ങൾ നടന്നത് തീവ്രവ്യാപന ഘട്ടത്തിലാണ്. ഓരോ സമ്മേളനത്തിലും എസി മുറിയിൽ മൂന്ന് ദിവസം പങ്കെടുക്കുന്നത് ഇരുന്നൂറ്റിയമ്പതിലധികം പേർ. നേതാക്കൾക്കും മന്ത്രിക്കും കൊവിഡ് പിടിപെട്ടിട്ടും സമ്മേളനങ്ങൾക്ക് മുന്നിൽ സർക്കാർ കണ്ണടക്കുകയാണ് ചെയ്തത്.

തൃശ്ശൂർ, കാസർകോട്, ആലപ്പുഴ സമ്മേളനങ്ങളാണ് ഇനി നടക്കാനുള്ളത്. മാർച്ച് ആദ്യമാണ് സിപിഎം സംസ്ഥാന സമ്മേളനം. ഏപ്രിലിൽ മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളും വിദേശ രാജ്യങ്ങളിലെ ക്ഷണിക്കപ്പെട്ടവരും കണ്ണൂരിൽ സിപിഎം പാർട്ടി കോണ്‍ഗ്രസിന് എത്തും. സമ്മേളനങ്ങളിൽ നടപടിയെടുക്കാതെ കാഴ്ചക്കാരാകുന്നതിനൊപ്പം കുടുംബശ്രീ തെരഞ്ഞെടുപ്പ് നടത്താൻ പ്രത്യേക ഉത്തരവ് ഇറക്കിയതിലും സർക്കാരിന്‍റെ ആത്മാർത്ഥത ചോദ്യംചെയ്യപ്പെടുകയാണ്.