ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ   സെബ സ്ത്യാനോസ് സഹദായുടെ തിരുനാൾ ആഘോഷമായി നടന്നു. പഞ്ഞം, പട, വസന്ത എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന പ്രത്യേക മധ്യസ്ഥനായ വിശുദ്ധ സെബ സ്ത്യാനോസിനോട്  കോവിഡ് മഹാമാരിയിൽ നിന്നുള്ള സംരക്ഷണം പ്രാർത്ഥിച്ചു കൊണ്ട് ഭക്തജനങ്ങൾ തിരുനാളിൽ പങ്കാളികളായി. ജനുവരി 15 ശനിയാഴ്ച രാവിലെ  9 മണിക്ക്  ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു ഫൊറോനാ വികാരി റവ.ഫാ. ജോണിക്കുട്ടി പുലീശ്ശേരി മുഖ്യകാർമ്മികനായിരുന്നു. തിരുനാൾ സന്ദേശം അസിസ്റ്റന്റ് വികാരി റവ.ഫാ. കെവിൻ മുണ്ടയ്ക്കൽ നൽകി. റവ.ഫാ. ജോസ് കോണികാട്ടിൽ, റവ.ഫാ. ജോബി പുതുശ്ശേരി, റവ. ഫാ. ബിനു കിഴക്കേൽ എന്നിവർ സഹകാർമികരായി.

തിരുനാൾ പ്രദക്ഷിണം,  കഴുന്നു നേർച്ച എന്നിവ തിരുനാളാചാരണത്തിന്റെ ഭാഗമായി നടന്നു. ഞായറാഴ്ചയും കഴുന്നു നേർച്ചയുണ്ടായിരുന്നു. തിരുനാൾ ക്രമീകരണങ്ങൾക്ക് കൈക്കാരന്മാരായ പ്രിൻസ് മുടന്താഞ്ചലിൽ, വർഗീസ് കല്ലുവെട്ടാംകുഴി, ഫിലിപ്പ് പായിപ്പാട്ട്, ഷിജോ തെക്കേൽ,പാരിഷ് കൗ ൺസിൽ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.