ഇതേവരെ ഇന്ത്യയില്‍ ഒരു ലൈഫ്-സ്റ്റൈല്‍ പിക്കപ്പ് ട്രക്കിനും ലഭിക്കാത്ത സ്വീകാര്യതയാണ് വിപണിയില്‍ പോലും എത്താത്ത ടൊയോട്ട ഹൈലക്‌സിന് ലഭിക്കുന്നത്.

എന്നാല്‍ വാഹനം ജനുവരി 20-ന് വില്‍പ്പനയ്ക്കായി പുറത്തിറക്കുമെന്നാണ് ജാപ്പനീസ് ബ്രാന്‍ഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

 അതായത് നാളെ ഹൈലക്‌സ് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് സാരം. അവതരിപ്പിക്കപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്ബോള്‍ പിക്കപ്പ് ട്രക്കിന്റെ ടീസര്‍ ചിത്രങ്ങളിലൂടെ ആകാംക്ഷ പരത്തുകയാണ് ടൊയോട്ട. നേരത്തെ ഡിസൈനിനെ കുറിച്ചുള്ള കാര്യങ്ങളെ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട ബ്രാന്‍ഡ് ഇപ്പോള്‍ വാഹനത്തിന്റെ അകത്തള കാഴ്ച്ചയും വെളിപ്പെടുത്തിയിരിക്കുകയാണ്.

2022 മാര്‍ച്ച്‌ മുതല്‍ അതിന്റെ ഡെലിവറികള്‍ ആരംഭിക്കുന്ന ടൊയോട്ട ഹൈലക്‌സിന്റെ യൂറോപ്യന്‍ മോഡലില്‍ കാണുന്നത് പോലെ പൂര്‍ണമായും കറുപ്പില്‍ ഒരുങ്ങിയിരിക്കുന്ന ഇന്റീരയറായിരിക്കും ഇന്ത്യയിലേക്കും പരിചയപ്പെടുത്തുക. ടൊയോട്ടയുടെ പിക്കപ്പ് ട്രക്കിന് അതിന്റെ ജനപ്രിയ എസ്‌യുവിയായ ഫോര്‍ച്യൂണറുമായി വളരെയധികം സാമ്യമുണ്ടെന്നും പുതിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ഡാഷ്‌ബോര്‍ഡില്‍ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന എയര്‍-കോണ്‍ വെന്റുകള്‍, സ്റ്റിയറിംഗ് വീല്‍, കൂടാതെ 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ് എന്നിവയും ഹൈലക്‌സില്‍ പ്രതീക്ഷിക്കുന്ന മറ്റ് ഫീച്ചറുകളാണ്.

ആന്‍ഡ്രോയിഡ് ഓട്ടോ സപ്പോര്‍ട്ട്, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, ജെബിഎല്‍ സിസ്റ്റം, ലെതര്‍ അപ്ഹോള്‍സ്റ്ററി എന്നിവയും മോഡലില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷയുടേയും നിര്‍മാണ നിലവാരത്തിന്റേയും കാര്യത്തില്‍ എല്ലാ ടൊയോട്ട കാറുകള്‍ക്കും സമാനമായിരിക്കും ഈ പിക്കപ്പിനുമുണ്ടാവുക.

ഹൈലക്‌സിന്റെ സുരക്ഷാ സവിശേഷതകളില്‍ ഒന്നിലധികം എയര്‍ബാഗുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍-ഡിസെന്റ് കണ്‍ട്രോള്‍, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയെല്ലാമാകും ജാപ്പനീസ് ബ്രാന്‍ഡ് ഒരുക്കുക.

ഇന്ത്യന്‍ വിപണിയില്‍ സിംഗിള്‍ ക്യാബ്, എക്സ്ട്രാ ക്യാബ്, ഡബിള്‍ ക്യാബ് എന്നീ ബോഡി ശൈലികളില്‍ ടൊയോട്ട ഹൈലക്‌സ് വാഗ്‌ദാനം ചെയ്‌തേക്കാം. കമ്ബനിയുടെ IMV-2 പ്ലാറ്റ്ഫോമിലാണ് വാഹനം ഒരുങ്ങിയിരിക്കുന്നത് എന്ന കാര്യമാണ് ഇന്ത്യയിലേക്കുള്ള അവതരണം എളുപ്പത്തില്‍ സാധ്യമാവുന്നത്. ഇത് ഫോര്‍ച്യൂണര്‍ എസ്‌യുവിക്കും ഇന്നോ ക്രിസ്റ്റ എംപിവിക്കും അടിവരയിടുന്ന അതേ പ്ലാറ്റ്ഫോമാണ്.

ടൊയോട്ട ഹൈലക്‌സ് നഗരത്തിലും ഓഫ് റോഡിലും ഉപയോഗിക്കാവുന്ന 5 സീറ്റര്‍ വാഹനമായിരിക്കും. പിക്കപ്പിനായുള്ള വീല്‍ബേസ് 3,085 മില്ലീമീറ്ററായി കമ്ബനി ഉയര്‍ത്തിയിട്ടുണ്ട്. അങ്ങനെ പിക്കപ്പ് ട്രക്കിന് മൊത്തത്തില്‍ 5,325 മില്ലീമീറ്റര്‍ നീളവും 1,855 മില്ലീമീറ്റര്‍ വീതിയും 1,865 മില്ലീമീറ്റര്‍ ഉയരവുമാണുള്ളത്. മോഡലിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 216 മില്ലീമീറ്ററായിരിക്കും. കൂടാതെ 2.1 ടണ്‍ ഭാരവും ഉണ്ട്.

ഡിസൈന്‍ ഹൈലൈറ്റുകളില്‍ ലൈഫ് സ്റ്റൈല്‍ പിക്കപ്പ് ട്രക്കിന് വലിയ ഫ്രണ്ട് ഗ്രില്ലും ഇരുവശത്തും എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകളും ഫോര്‍ച്യൂണറിന് സമാനമായി അലോയ് വീലുകളോടൊപ്പം വീല്‍ ആര്‍ച്ചുകള്‍ക്ക് ചുറ്റും പ്ലാസ്റ്റിക് ക്ലാഡിംഗും എടുത്തുനില്‍ക്കും.

ഇമോഷണല്‍ റെഡ്, ഗ്രേ മെറ്റാലിക്, വൈറ്റ് പേള്‍ സിഎസ്, സില്‍വര്‍ മെറ്റാലിക്, സൂപ്പര്‍ വൈറ്റ് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളിലായിരിക്കും വാഹനം തെരഞ്ഞെടുക്കാന്‍ സാധിക്കുകയെന്നാണ് പ്രാഥമിക നിഗമനം.

ഒരൊറ്റ എഞ്ചിന്‍ ഓപ്ഷനിലായിരിക്കും ടൊയോട്ട ഹൈലക്‌സ് ഇന്ത്യന്‍ വിപണിയില്‍ എത്തുക. അത് ഫോര്‍ച്യൂണര്‍ ഫുള്‍-സൈസ് എസ്‌യുവിയില്‍ നിന്നും കടമെടുത്ത 2.8 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, ഇന്‍ലൈന്‍-4 ഡീസല്‍ യൂണിറ്റാകും. പെട്രോള്‍ എഞ്ചിന്‍ ലൈഫ് സ്റ്റൈല്‍ പിക്കപ്പിന് തുടക്കത്തില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍ പിന്നീട് ഡിമാന്റിന് അനുസരിച്ച്‌ കമ്ബനി ഇതും ലഭ്യമാക്കിയേക്കാം.

2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പരമാവധി 204 bhp കരുത്തില്‍ 500 Nm torque വരെ വികസിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും. അതേസമയം മാനുവല്‍ വേരിയന്റുകളില്‍ ടോര്‍ഖ് 420 Nm ആയി കുറയും. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്‌ഷനുകളില്‍ ഹൈലക്‌സ് സ്വന്തമാക്കാനായേക്കും. കൂടുതല്‍ പ്രായോഗികതയ്ക്കായി പിക്കപ്പില്‍ ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റവും ടൊയോട്ട ഒരുക്കും.

പുതിയ മോഡലുകളെ എത്തിച്ച്‌ രാജ്യത്ത് വില്‍പ്പന വര്‍ധിപ്പിക്കുകയാണ് ടൊയോട്ടയുടെ പദ്ധതി. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പുതുക്കിയ കാമ്രി ഹൈബ്രിഡ് മോഡലിനെ കമ്ബനി പുറത്തിറക്കിയിരുന്നു. ഒരു വലിയ ഇടവേളയ്ക്കു ശേഷമാണ് ഒരു ഒറിജിനല്‍ ഉല്‍പ്പന്നവുമായി ബ്രാന്‍ഡ് ഇന്ത്യയില്‍ എത്തുന്നത്. വരാനിരിക്കുന്ന പിക്കപ്പ് ജീപ്പ് കോമ്ബസിന്റെ അതേ ബജറ്റ് ശ്രേണിയില്‍ തന്നെയാകും ഇടംപിടിക്കുക എന്നതാണ്.

25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയാണ് ഹൈലക്‌സിന് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. പിക്കപ്പ് ട്രക്കിന്റെ ഇന്ത്യയിലെ ഒരേയൊരു യഥാര്‍ത്ഥ എതിരാളി ഇസൂസു ഡി-മാക്‌സ് വി-ക്രോസ് ആയിരിക്കും.