ജീവിതം പ്രതിസന്ധിയിലാണെന്നും മഹാകഷ്ടത്തിലാണെന്നും പദ്മശ്രീ കലാമണ്ഡലം ഗോപി. 2019ന് ശേഷമുള്ള പുതുക്കിയ പെൻഷൻ അലവൻസ് ലഭിക്കുന്നില്ലെന്ന് കലാമണ്ഡലം ഗോപി പറയുന്നു.

അതേസമം, കലാമണ്ഡലത്തിൽ നിന്ന് യഥാസമയം റിപ്പോർട്ട്‌ നൽകാത്തതാണ് പെൻഷൻ ലഭിക്കാതിരിക്കാൻ കാരണമെന്ന് ധന വകുപ്പും സാംസ്‌കാരിക വകുപ്പും പറയുന്നു.

അതിനിടെ വിഷയത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ ആലങ്കോട് ലീലകൃഷ്ണനും , സൂര്യാ കൃഷ്ണമൂർത്തിയും രം​ഗത്തുവന്നു. ട്വന്റിഫോറിനോടായിരുന്നു ഇരുവരുടേയും പ്രതികരണം. കലാമണ്ഡലം ​ഗോപിയെ പോലുള്ള ഒരു കലാകാരന്റെ അവസ്ഥയിതാണെങ്കിൽ മറ്റ് ചെറിയ കാലാകാരന്മാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആലങ്കോട് ലീലകൃഷ്ണൻ ചോദിക്കുന്നു. പല കലാകാരന്മാരും ആത്മഹത്യയുടെ വക്കിലാണ്. പലർക്കും ജോലിയില്ല, അവർ കല കൊണ്ട് ഉപജീവനമാർ​ഗം കണ്ടെത്തിയവരാണ്. അതുകൊണ്ട് തന്നെ കലാകാരന്മാർക്ക് അർ‍ഹിക്കുന്ന പരി​ഗണന നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി.

കലാമണ്ഡലം ​ഗോപിയാശാനെ പോലൊരു വ്യക്തി ഇത്തരത്തിലൊരു പ്രസ്താവന നടത്തണമെങ്കിൽ അദ്ദേഹം എത്രമാത്രം വേദനിച്ചുകാണുമെന്ന് സൂര്യാകൃഷ്ണമൂർത്തി ചോദിക്കുന്നു. കല എന്നാൽ സിനിമ മാത്രമാണെന്നാണ് എല്ലാവരും കരുതുന്നത്. ആ ചിന്ത മാറ്റണമെന്നും സൂര്യകൃഷ്ണമൂർത്തി പ്രതികരിച്ചു.