സംസ്ഥാനം മൂന്നാം തരംഗത്തിലാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. അതുകൊണ്ട് തന്നെ രോ​ഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്ന് ആരോ​ഗ്യ മന്ത്രി അറിയിച്ചു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും രുചിയുമൊക്കെ കിട്ടുന്നതിനാൽ കൊവിഡല്ല എന്ന് കരുതരുതെന്ന് മന്ത്രി വീണാ ജോർജ് ചൂണ്ടിക്കാട്ടി. ഒമിക്രോൺ ബാധിച്ച 17% പേരിൽ മാത്രമേ മണവും രുചിയും നഷ്ടപ്പെടുന്നുള്ളു. അതുകൊണ്ട് രോ​ഗലക്ഷണങ്ങൾ കണ്ടാൽ പരിശോധനയ്ക്ക് വിധേയമാകുകയും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും വേണമെന്ന് മന്ത്രി വ്യക്തമാക്കി.

വാക്സിനേഷൻ നിർബന്ധമായും എടുക്കണം. മുൻനിര പ്രവർത്തകരും മറ്റ് അർഹരും ബൂസ്റ്റർ ഡോസ് എടുക്കണം. പൊതുജനങ്ങൾ അടഞ്ഞ സ്ഥലത്ത് ഇരിക്കാതെ, തുറസായ, വായുസഞ്ചാരമുള്ള സ്ഥലത്ത് ഇരിക്കണം. സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടാതെ ശ്രദ്ധിക്കണമെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

സർക്കാർ ആശുപത്രിയിൽ 3107 ഐസിയു ബെഡുകളുണ്ട്. സ്വകാര്യ ആശുപത്രികളിൽ 7468 ഐസിയു ബെഡുകളുണ്ട്. വെന്റിലേറ്ററുകളും ഓക്സിജൻ ബെഡുകളും സംസ്ഥാനത്ത് സജ്ജമാണ്. 1817.54 മെട്രിക് ടൻ ലിക്വിഡ് ഓക്സിജൻ നിലവിൽ സംസ്ഥാനത്തുണ്ട്. സംസ്ഥാനത്ത് മരുന്ന് ക്ഷാമം എന്നത് തെറ്റായ വാർത്തയാണെന്നും ആവശ്യമുള്ള മരുന്നുകളെല്ലാം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.