2022 വര്‍ഷക്കാലത്തെ വിപണിയെക്കുറിച്ച് പ്രവചനങ്ങള്‍ നടത്തുമ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലേതുപോലെ കൊവിഡ് തന്നെയാണ് പരിഗണിക്കേണ്ടുന്ന വലിയ വിഷയം. കാരണം ലോകത്തിലെ സമസ്ത മേഖലകളേയും ഈ വിധത്തില്‍ പിടിച്ചുലയ്ക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്ത മറ്റൊരു സംഭവവും അടുത്ത കാലത്തായി ഉണ്ടായിട്ടില്ല. കൊവിഡിനൊപ്പമുള്ള ജീവിതത്തെയും വളര്‍ച്ചയേയും കണക്കിലെടുത്താണ് വിപണിയില്‍ നേട്ടം കൊയ്യാന്‍ നിക്ഷേപകര്‍ ഈ വര്‍ഷം കരുക്കള്‍ നീക്കിത്തുടങ്ങുന്നത്. മഹാമാരിക്കാലത്തെ വളര്‍ച്ച പരിഗണിക്കുമ്പോള്‍ ടെക്, ബാങ്കിംഗ് മേഖലകള്‍ ഈ വര്‍ഷം മികച്ച നേട്ടമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലിരുത്തല്‍. സാങ്കേതിക മേഖലകളില്‍ വരാനിരിക്കുന്ന വളര്‍ച്ച, ഹൗസിംഗ് മേഖലയുടെ പുനരുജ്ജീവനം, ബാങ്ക് വരുമാനത്തില്‍ പെട്ടെന്നുണ്ടാകാന്‍ ഇടയുള്ള വര്‍ധനവ് മുതലായ ഘടകങ്ങളാണ് ഈ വര്‍ഷം നേട്ടമുണ്ടാക്കാന്‍ നിക്ഷേപകര്‍ക്ക് മുന്നിലുള്ള പ്രധാന ചവിട്ടുപടികള്‍. എന്‍എസ്ഇ നിഫ്റ്റി50 ഇന്‍ഡക്‌സില്‍ 15 ശതമാനത്തിലധികം വളര്‍ച്ച വരുന്ന 12 മാസങ്ങള്‍ കൊണ്ടുണ്ടാകുമെന്നാണ് ബ്ലൂംബെര്‍ഗ് എസ്റ്റിമേറ്റ് പറയുന്നത്.

ലോകം കൊവിഡ് രോഗത്തെ ശക്തമായി പ്രതിരോധിക്കുന്നതിനൊപ്പം അതിവേഗം വളര്‍ച്ച പ്രാപിക്കുന്നത് ഐടി, ടെക് കമ്പനികളാണെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും മികച്ച കമ്പനികള്‍ കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് കൂടുതല്‍ ഐടി പ്രൊഫഷണലുകളെ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിച്ചുവരികയാണ്. സാങ്കേതികവിദ്യയുടെ ആവശ്യകത വളരെയധികം വര്‍ധിച്ചുവെന്നാണ് ഇത് തെളിയിക്കുന്നത്. ഡിജിറ്റലൈസേഷന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപിക്കുന്നത്. 2022ലും ഇതിന്റെ ഗുണം പ്രതീക്ഷിക്കാമെന്നതിനാല്‍ നിക്ഷേപകര്‍ക്ക് ടെക് കമ്പനികളില്‍ ധൈര്യമായി നിക്ഷേപിക്കാമെന്നാണ് വിദഗ്ധരുടെ പക്ഷം. ടെക് മഹീന്ദ്ര ലിമിറ്റഡ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ് ലിമിറ്റഡ് ഓഹരികള്‍ 2022ല്‍ തിളങ്ങാനാണ് സാധ്യത.

ബാങ്കിംഗ് മേഖല

കൊവിഡ് മഹാമാരി സൃഷ്ടിച്ച ബാങ്കുകളുടെ ദുരിതകാലം ഏതാണ്ട് അവസാനിച്ചുകഴിഞ്ഞതായാണ് വിലയിരുത്തപ്പെടുന്നത്. ഇനി വരാനിരിക്കുന്നത് ബാങ്കുകളുടെ വരുമാനം വര്‍ധിക്കുന്ന സുവര്‍ണ കാലമാണ്. ബാങ്കിംഗ് ഓഹരികള്‍ക്ക് മുന്‍പില്ലാത്ത വിധത്തില്‍ വളര്‍ച്ചയുണ്ടാകാന്‍ ഇടയുള്ള വര്‍ഷമാണ് 2022 എന്നാണ് പ്രവചനങ്ങള്‍. ഈ വര്‍ഷത്തെ ആദ്യ മാസങ്ങളിലെ വിപണി ഇത് ശരി വെയ്ക്കുന്നുമുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക് ലിമിറ്റഡ്, ഐസിഐസി ബാങ്ക് ലിമിറ്റഡ് എന്നിവ ഈ വര്‍ഷം മികച്ച നേട്ടമുണ്ടാക്കാനിടയുണ്ട്.

റിയല്‍ എസ്റ്റേറ്റ്

കൊവിഡ് മഹാമാരി മൂലം പല കമ്പനികളുടേയും പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായപ്പോള്‍ ഹൗസിംഗ് മേഖലയില്‍ ഡിമാന്റ് ഉയര്‍ന്നതായാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത അഞ്ചുവര്‍ഷക്കാലവും ഹൗസിംഗ് മേഖലയ്ക്ക് മുന്‍ഗണനയുള്ള എക്കണോമിക് സൂപ്പര്‍ സൈക്കിള്‍ നിലനില്‍ക്കുമെന്നാണ് പ്രതീക്ഷ. ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്, ഒബ്രോയ് റിയാലിറ്റി ലിമിറ്റഡ്, സണ്‍ടെക് റിയാലിറ്റി ലിമിറ്റഡ് മുതലായവയ്ക്ക് നേട്ടം കൊയ്യാനായേക്കും.

ഇവ കൂടാതെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആരോഗ്യരംഗത്തും ഫാര്‍മ രംഗത്തും വന്‍ കുതിച്ചുചാട്ടമുണ്ടായി. ഈ നേട്ടവും അടുത്ത 12 മാസക്കാലത്തേക്ക് നിലനില്‍ക്കാനിടയുണ്ടെന്നും പ്രതീക്ഷിക്കപ്പെടുന്നു. മാക്‌സ് ഹൈല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഗ്ലാന്‍ഡ് ഫാര്‍മ, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് മുതലായവയും ഈ വര്‍ഷം നേട്ടം കൊയ്‌തേക്കും.