പാകിസ്താനിലെ അണ്ടർ 13, 16 ആഭ്യന്തര ടൂർണമെന്റുകൾ നിർത്തിവച്ചു. പ്രായത്തട്ടിപ്പാണ് കാരണം. കൃത്യമായ പ്രായനിർണയം നടത്തിയതിനു ശേഷം ടൂർണമെൻ്റുകൾ പുനരാരംഭിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ജനുവരി 11ന് കറാച്ചിയിലും മുൾട്ടാനിലുമാണ് ടൂർണമെൻ്റുകൾ ആരംഭിച്ചത്. ആഭ്യന്തര ക്രിക്കറ്റ് ശക്തിപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ, പ്രായത്തട്ടിപ്പ് ബോധ്യപ്പെട്ടതിനാൽ ടൂർണമെൻ്റുകൾ നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രായത്തട്ടിപ്പ് നടത്തിയ താരങ്ങളെ ടൂർണമെൻ്റിൽ നിന്ന് പുറത്താക്കി.

അണ്ടർ 13 ടൂർണമെൻ്റ് കളിച്ച ഒരു താരം ഒരു മത്സരത്തിൽ 11 സിക്സറുകൾ അടിച്ചിരുന്നു. അതിൽ ഒരു സിക്സർ സ്റ്റേഡിയത്തിനു പുറത്താണ് വീണത്. ഇതോടെയാണ് പ്രായത്തട്ടിപ്പ് ചർച്ച ആയത്.