ലണ്ടന്‍: ബാ​ങ്കു​ക​ളി​ല്‍​നി​ന്ന്​ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ വാ​യ്​​പ​യെ​ടു​ത്ത്​ ബ്രി​ട്ട​നിലേക്ക്​ മു​ങ്ങി​യ വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്യ​ക്ക്​ അവിടെയും വലിയ തിരിച്ചടി.

മല്യയെയും കുടുംബത്തെയും അവരുടെ ലണ്ടനിലെ ആഡംബര വസതിയില്‍ നിന്ന്​ പുറത്താക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്​ യു.കെ കോടതി. ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട്​ സ്വിസ് ബാങ്ക് യു.ബി.എസുമായുള്ള ദീര്‍ഘകാല തര്‍ക്കത്തില്‍ മല്യക്ക്​ എന്‍ഫോഴ്‌സ്‌മെന്റ് സ്‌റ്റേ നല്‍കാന്‍ ബ്രിട്ടീഷ് കോടതി വിസമ്മതിച്ചതിന്​ പിന്നാലെയാണ്​ നടപടി.

മല്യയുടെ പ്രധാന സ്വത്തായ ലണ്ടനിലെ റീജന്റ്സ് പാര്‍ക്കിന് അഭിമുഖമായുള്ള 18/19 കോണ്‍വാള്‍ ടെറസ് ആഡംബര അപ്പാര്‍ട്ട്‌മെന്റ്, സ്വിസ് ബാങ്ക് യു.ബി.എസ് ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. “കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന അസാധാരണമായ സ്വത്ത്” എന്ന് യു.കെ കോടതി വിശേഷിപ്പിച്ച അപ്പാര്‍ട്ട്​മെന്‍റ്​, നിലവില്‍ 95 വയസ്സുകാരിയായ മല്യയുടെ അമ്മ ലളിതയാണ് കൈവശം വച്ചിരിക്കുന്നത്.

സ്വിസ് ബാങ്ക് യു.ബി.എസില്‍ നിന്നെടുത്ത 20.4 മില്യണ്‍ പൗണ്ട് വായ്​പ തിരിച്ചടയ്ക്കാന്‍ മല്യ കുടുംബത്തിന് കൂടുതല്‍ സമയം അനുവദിക്കുന്നതില്‍ അടിസ്ഥാനമില്ലെന്ന് ഹൈക്കോടതിയിലെ ചാന്‍സറി ഡിവിഷനുവേണ്ടി തന്റെ വിധി വെര്‍ച്വലി പ്രസ്താവിച്ചുകൊണ്ട് ഡെപ്യൂട്ടി മാസ്റ്റര്‍ മാത്യു മാര്‍ഷ് പറഞ്ഞു.

മല്യയെ രാജ്യത്തേക്ക്​​ നാടുകടത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തുന്നതിനിടെയാണ്​ യു.കെ കോടതിയുടെ നിര്‍ണായക വിധി. മല്യയെ ഇന്ത്യയിലെത്തിക്കാനുളള നയതന്ത്ര ഇടപെടലിന് കോടതി ഉത്തരവ് കൂടുതല്‍ സഹായകരമാകുമെന്നും നിയമവിദഗ്ധര്‍ പറയുന്നു