തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. രാവിലെ 11 മണിക്കാണ് സംഭവം.

ആര്‍ക്കും പരിക്കില്ല. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. സ്റ്റേഷന് മുന്നിലുണ്ടായിരുന്ന ജീപ്പിന്‍റെ ചില്ലുകള്‍ തകര്‍ന്നു.

ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ച്‌ കത്തിച്ച്‌ എറിയുകയായിരുന്നു. മറ്റൊരു കുപ്പി കൂടി എറിഞ്ഞെങ്കിലും ഇതിന് തീപിടിച്ചില്ല. പൊലീസുകാര്‍ എത്തുമ്ബോഴേക്കും പ്രതികള്‍ ബൈക്കില്‍ സ്ഥലംവിട്ടു. പൊലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.

ആര്യങ്കോട് മേഖലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കിയ സാഹചര്യത്തതില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ഊര്‍ജിത ശ്രമം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പകവീട്ടലാണ് അക്രമണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയും സ്റ്റേഷന്‍ ആക്രമിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. അത് വിജയിക്കാത്തതിനാലാണ് ഇന്ന് വീണ്ടും ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. കേസ് എടുത്ത് അന്വേഷണം തുടങ്ങി. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണ്