മാധ്യമങ്ങള്‍ക്കെതിരായ ദിലീപിന്റെ ഹര്‍ജിയില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ദിലീപിനെതിരായ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സ്വന്തം നിലയ്ക്ക് വിചാരണ നടത്തുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ഹര്‍ജി. കേസില്‍ മാധ്യമങ്ങള്‍ രഹസ്യ വിചാരണയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചോവെന്ന് പൊലീസ് മേധാവി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. രഹസ്യവിചാരണയെന്ന സെഷന്‍സ് കോടതി ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന കേസില്‍ ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ദിലീപിന്റേത് അടക്കം ആറ് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയത്. പ്രതികളെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. ചോദ്യം ചെയ്യലിനോ പരിശോധനകള്‍ക്കോ, റെയ്ഡിനോ ഒരു തരത്തിലുള്ള വിലക്കും കോടതി ഏര്‍പ്പെടുത്തിയിട്ടില്ല. കസ്റ്റഡിയില്‍ എടുക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും തടസങ്ങളില്ല. അറസ്റ്റ് ചെയ്യുന്നതിനുള്ള തടസം മാത്രമാണ് നിലവിലുള്ളത്.