രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതർ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2,38,018 പേർക്കാണ്. 310 മരണവും റിപ്പോർട്ട് ചെയ്തു. 14.43 % ആണ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് കേസ് കഴിഞ്ഞ ദിവസത്തേക്കാൾ ഏഴ് ശതമാനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.22 % ശതമാനവും കുറഞ്ഞു. 8891 പേർക്കാണ് ഇതുവരെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡൽഹി, മഹാരാഷ്ട്ര ,ബംഗാൾ സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞു. കൊൽക്കത്തയിൽ പ്രതിദിന രോഗികൾ 1800 ആയതോടെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. അതിനിടെ, 12 മുതൽ 14 വരെ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷൻ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്ത് കേരളമാണ്. 33.07 ശതമാനമായി സംസ്ഥാനത്തെ ടി.പി.ആർ കുതിച്ചുയർന്നു. ടി.പി.ആർ ഏറ്റവും കൂടുതൽ ഗോവയിലാണ്. 41 ശതമാനത്തിന് മുകളിലാണ് ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 19.65 ശതമാനത്തിൽ തുടരുമ്പോഴാണ് കേരളത്തിൽ ടി.പി.ആർ ദിനംപ്രതി കുതിക്കുന്നത്.

ജനുവരി 1ന് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനം. ജനുവരി 10ന് 12.68ഉം ജനുവരി 15ന് 26.96 ശതമാനമായി ഉയർന്നു. ജനുവരി 16ന് 30 കടന്ന ടിപിആർ ഇന്നലെ 33ഉം കടന്ന് 33.07 ശതമാനത്തിൽ എത്തി. സംസ്ഥാനത്ത് രേഖപ്പെടുത്തുന്നതിൽ ഏറ്റവും ഉയർന്ന ടിപിആറാണ് ഇന്നലത്തേത്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് ടിപിആറിൽ ഉണ്ടായ വർധന 21%. സംസ്ഥാനത്തെ രോഗ വ്യാപനം എത്രകണ്ട് തീവ്രമാണെന്ന് തെളിയിക്കുന്നതാണ് ടിപിആറിലെ ഈ കുതിപ്പ്.

കഴിഞ്ഞ ആഴ്ച അപേക്ഷിച്ച് കൊവിഡ് കേസുകളിൽ 182 ശതമാനം വർധന. ഇന്നലത്തെ ടിപിആർ ദേശീയ ശരാശരി 19.65 ശതമാനമാണ്. ഡൽഹിയിലെ 28% ബംഗാൾ 26.43% മഹാരാഷ്ട്രയിൽ 20.76% തമിഴ്‌നാട്ടിൽ 17% കർണാടകയിൽ 12.45 ശതമാനവുമാണ് ടെസ്റ്റ് പോസ്റ്റ് നിരക്ക്. ടിപിആർ നിരക്കിൽ കേരളത്തിന് മുന്നിലുള്ളത് താരതമ്യേന ചെറിയ സംസ്ഥാനമായ ഗോവയാണ്. 41.52% ആണ് ഗോവയിലെ ഇന്നലത്തെ ടിപിആർ. ഗോവിൽ ഇന്നലെ 5236 സാമ്പിളുകളാണ് പരിശോധിച്ചത്. 2174 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം കേരളത്തിൽ ഇന്നലത്തെ കേസുകൾ 22,846ഉം, നടത്തിയ സാമ്പിൾ പരിശോധന 69,373 ആയിരുന്നു. കേരളത്തിലെ ഏറ്റവും ഉയർന്ന ടിപിആർ തിരുവനന്തപുരം ജില്ലയിലാണ്(44.02%). ജില്ലയിൽ പരിശോധിക്കുന്ന രണ്ടുപേരിൽ ഒരാൾക്ക് കൊണ്ട് ബാധയെന്ന് ചുരുക്കം.