സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച അവലോകന യോഗം ചേരും. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും.

മന്ത്രിമാരുടെ ഓഫിസുകളില്‍ ഉള്‍പ്പെടെ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ പല നേതാക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. നോര്‍ക്കയില്‍ സിഇഒ അടക്കമുള്ള ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊവിഡ് പ്രതിസന്ധി രൂക്ഷമാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. 10 ഡോക്‌ടേഴ്‌സ് ഉൾപ്പെടെ 17 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. ഇവിടെ ഡെന്റൽ, ഇ. എൻ.ടി വിഭാ​​ഗങ്ങൾ താൽകാലികമായി അടച്ചു.

അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് പടരുകയാണെങ്കിലും ബസ് സര്‍വീസുകള്‍ നിര്‍ത്തി വെയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ ഏതാനും ജീവനക്കാര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു പ്രതിസന്ധിക്കും വകയില്ലെന്നും സര്‍വീസുകള്‍ സുഗമമായി നടക്കുമെന്നും ആൻ്റണി രാജു വ്യക്തമാക്കി.