ലണ്ടന്‍: ബ്രിട്ടനിലെ ഗ്ലോസ്റ്ററിനു സമീപം ചെല്‍സ്റ്റര്‍ഹാമിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ക്ക് ദാരുണാന്ത്യം. എറണാകുളം മൂവാറ്റുപുഴ കുന്നയ്ക്കല്‍ സ്വദേശി ബിന്‍സ് രാജന്‍ (32), കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്. മരിച്ച ബിന്‍സിന്റെ ഭാര്യയ്ക്കും രണ്ടുവയസ്സുള്ള കുഞ്ഞിനും അര്‍ച്ചനയുടെ ഭര്‍ത്താവ് നിര്‍മല്‍ രമേശിനും അപകടത്തില്‍ പരുക്കേറ്റു.

ബിന്‍സിന്റെ ഭാര്യ അനഘയും കുട്ടിയും ഓക്സ്ഫെഡ് എന്‍എച്ച്എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ് പരുക്കേറ്റ് ചികിത്സയിലുള്ള നിര്‍മല്‍ രമേശ്. ചെല്‍സ്റ്റര്‍ഹാമിലെ പെഗ്ഗിള്‍സ്വര്‍ത്തില്‍ എ-436 റോഡില്‍ ഇന്നലെ രാവിലെ 11.15നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് റോഡില്‍ ഇരുവശത്തേക്കുമുള്ള ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെട്ടു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ബിന്‍സ് രാജന്‍ ഭാര്യ അനഘയും കുട്ടിയുമൊത്ത് യുകെയിലെത്തിയത്. ലൂട്ടന്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നു അനഘ. കൂട്ടുകാരായ ബിന്‍സും നിര്‍മലും കുടുംബസമേതം ഓക്സ്ഫെഡിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്നാണ് വിവരം. യുകെ മലയാളികളുടെ സംഘടനാ നേതാക്കള്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും മറ്റുമായി ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്.

അപകട സ്ഥലത്ത് തന്നെ ബിന്‍സ് രാജന്‍ മരണമടഞ്ഞു. ഭാര്യ അനഘയും കുട്ടിയും ഓക്സ്ഫോര്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കൂടെയുണ്ടായിരുന്ന അര്‍ച്ചനയെ ബ്രിസ്റ്റോള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അര്‍ച്ചന കൊല്ലം സ്വദേശിയാണ്. ഭര്‍ത്താവ് നിര്‍മ്മല്‍ രമേഷ് പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ്.

മൂന്നാമത്തെ മരണം ആരുടേതാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ലോറിയുമായുള്ള കൂട്ടയിടിയാണ് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത് എന്നാണ് നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ഗ്ലോസ്റ്റര്‍ഷെയര്‍ കോണ്‍സ്റ്റാബുലറി പുറത്തു വിട്ടിട്ടില്ല. അപകടത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞു വിവിധ ആംബുലന്‍സ് യൂണിറ്റുകളും എയര്‍ ആംബുലന്‍സും ഹസാര്‍ഡ് ഏരിയ റെസ്പോണ്‍സ് ടീമും അടക്കമുള്ളവര്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

ലൂട്ടന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും ഇവരുടെ ഡിപെന്‍ഡ് വിസയില്‍ എത്തിയ ഭര്‍ത്താക്കന്മാരുമാണ് അപകടത്തില്‍ ഉള്‍പ്പെട്ടത്. യൂണിവേഴ്‌സിറ്റി പഠനത്തിന് ഒപ്പം ലൂട്ടനിലെ മലയാളി നേഴ്‌സിങ് കെയര്‍ ഏജസിയില്‍ ഇവര്‍ ജോലിയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഇന്‍ടേക്കിലാണ് ഇവര്‍ യുകെയില്‍ എത്തുന്നത്. ഒക്ടോബറിലാണ് ഇവര്‍ യൂണിവേഴ്‌സിറ്റി ക്ലാസുകളില്‍ എത്തി തുടങ്ങിയതെന്ന് സഹപാഠികള്‍ വ്യക്തമാക്കുന്നു.

അപകടം ഇന്നലെ ഉച്ചക്ക് പതിനൊന്നേ കാലോടെ സംഭവിച്ചതെയാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തെ തുടര്‍ന്ന് അടച്ച റോഡ് എട്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും തുറന്നിട്ടില്ലെന്നു പ്രാദേശിക മാധ്യമം ഗ്ലോസ്റ്റര്‍ഷെയര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.