രാജ്യത്ത് കൊവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടായിക്കോണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി 2,58,089 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 16,56,341 പേരാണ്. ഒമൈക്രോണ്‍ കേസുകളിലും വലിയ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിട്ടുണ്ട്. ഇത്തരം വാര്‍ത്തകളെ തള്ളുകയാണ് കേന്ദ്രസര്‍ക്കാര്‍.

ജനവരി 25 വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണം. എന്നാല്‍ ഇതെല്ലാം വെറും പ്രചരണങ്ങള്‍ മാത്രമാണെന്നും ആധികാരികമായ ശ്രോതസുകളില്‍ നിന്നും മാത്രമുള്ള വാര്‍ത്തകള്‍ മാത്രമേ വിശ്വസിക്കാവൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വ്യാജ വാര്‍ത്തകള്‍ പങ്കുവെയ്ക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.രാജ്യത്ത് നിലവില്‍ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 19.65 ശതമാനമാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 14.41 ശതമാനവും.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,740 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,52,37,461 ആയി. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 4.43 ശതമാനമാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,13,444.

പരിശോധനകള്‍ നടത്തി. ആകെ 70.37 കോടി (70,37,62,282) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 14.41 ശതമാനമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ 39 ലക്ഷത്തിലധികം (39,46,348) ഡോസ് വാക്സിനുകള്‍ നല്‍കിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്സിനുകളുടെ എണ്ണം 157.20 കോടി (1,57,20,41,825) കടന്നതായും സര്‍ക്കാര്‍ അറിയിച്ചു. 1,68,75,217 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിന്‍ നല്‍കിയത്.ഇതുവരെ രാജ്യത്ത് 8,209 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്, ശനിയാഴ്ചയേക്കാള്‍ 6.02 % -ത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉള്ളത്. 41,327 കേസുകളാണ് ഇവിടെ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. മിക്രോണ്‍ വകഭേദം ഇത് വരെ 1,738 പേരിലാണ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത്.അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ രണ്ടരലക്ഷം കവിഞ്ഞതോടെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പൊതുപരിപാടികള്‍ നടത്തുന്നതിലും കൂട്ടം കൂടുന്നതിലുമെല്ലാം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.